2016 ല്‍ കാശ്മീരില്‍ ജീവന്‍ നഷ്ടമായത് 87 സൈനികര്‍ക്ക് ; ഏറ്റവും കൂടുതല്‍ സൈനികര്‍ കൊല്ലപ്പെട്ടതും ഈ വര്‍ഷം

ശ്രീനഗര്‍ : 2008 കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടമായ വര്‍ഷമാണ്‌ ഇപ്പോള്‍ കടന്നു പോകുന്നത്. രാജ്യത്തിന് വേണ്ടി ഈ വര്‍ഷം മാത്രം ജീവന്‍ വെടിഞ്ഞത് 87 സൈനികര്‍. കഴിഞ്ഞ ദിവസം ശ്രീനഗറിന് സമീപം പാംമ്പോറില്‍ സൈനിക വ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ മൂന്ന് സൈനികര്‍ കൂടി കൊല്ലപ്പെട്ടതോടെയാണ് കശ്മീരില്‍ ഈ വര്‍ഷം കൊല്ലപ്പെട്ടവരുടെ എണ്ണം 87 ആയത്. 2009-ല്‍ 74 സൈനികര്‍ അതിര്‍ത്തിയിലും താഴ്‌വരയിലുമുണ്ടായ സംഘര്‍ഷങ്ങളില്‍ മരിച്ചു. എന്നാല്‍ 2012-ല്‍ കൊല്ലപ്പെട്ട ജവാന്‍മാരുടെ എണ്ണം 17 ആയി കുറഞ്ഞിരുന്നു. 2013-ല്‍ മരണസഖ്യ 61-ആയി ഉയര്‍ന്നെങ്കിലും 2014-ല്‍ അത് 51 ആയി കുറഞ്ഞു. 2015-ല്‍ അത് 41 ആയി പിന്നെയും ചുരുങ്ങി. എന്നാല്‍ ഈ വര്‍ഷം ചരിത്രത്തില്‍ ഇല്ലാത്ത തരത്തിലുള്ള ആക്രമണങ്ങള്‍ക്കാണ് കാശ്മീര്‍ സാക്ഷിയായത്. സൈന്യത്തിനെ ലക്ഷ്യമാക്കിയാണ് ഈ വര്‍ഷം പല ആക്രമണങ്ങളും നടന്നത്. തുടര്‍ച്ചയായ ഈ സംഘര്‍ഷങ്ങള്‍ കാരണമാണ് കൊല്ലപ്പെടുന്ന ജവാന്‍മാരുടെ എണ്ണവും കുത്തനെ വര്‍ധിച്ചത്. ഉറി ഭീകരാക്രമണത്തില്‍ മാത്രം 19 ജവാന്‍മാരാണ് വീരമൃത്യുവരിച്ചത്. ഈ വര്‍ഷം ആരംഭിച്ചത് തന്നെ ഉറിയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തിലൂടെയാണ്. തുടര്‍ന്ന്‍ ബുര്‍ഹാന്‍ മുസാഫര്‍ വാനിയെ സൈന്യം വധിച്ചതിനെ തുടര്‍ന്ന് കശ്മീരില്‍ മാസങ്ങളോളം നീണ്ടു നിന്ന കലാപവും തീവ്രവാദി ആക്രമണങ്ങളും ചേര്‍ന്ന് സംഘര്‍ഷഭരിതമായ വര്‍ഷമായിരുന്നു കാശ്മീരിന് ഇത്തവണ. കലാപവും , ആക്രമണങ്ങളും തടയുവാന്‍ സര്‍ക്കാരിന് കഴിയാത്തതും മരണനിരക്ക് കുത്തനെ കൂട്ടി. ആകെകൂടി ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് മാത്രമാണ് ഇന്ത്യന്‍ സൈന്യത്തിന് എടുത്തുപറയാനുള്ള നേട്ടം.