വികസനം നടത്തിയാല്‍ ബി ജെ പി തിരഞ്ഞെടുപ്പില്‍ ജയിക്കില്ല ; സുബ്രഹ്മണ്യ സ്വാമി

തിരഞ്ഞെടുപ്പുകളില്‍ ബി ജെ പി ജയിക്കണം എങ്കില്‍ വികസനങ്ങള്‍ നടത്തിയാല്‍ പോര എന്ന് മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമി. ഹിന്ദുത്വ മുദ്രാവാക്യം ഉയര്‍ത്തിയാല്‍ മാത്രമേ തിരഞ്ഞെടുപ്പുകളില്‍ വോട്ട് ലഭിക്കുകയുള്ളൂ എന്നും സ്വാമി പറയുന്നു. ശിവസേനാ നേതാവും രാജ്യസഭാ എം.പിയുമായ സഞ്ജയ് റാവത്തിന്റെ പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിലാണ് സ്വാമി ഇക്കാര്യം പറഞ്ഞത്. മുന്‍ പ്രധാനമന്ത്രിമാരുടെ ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് സ്വാമി പ്രസംഗിച്ചത്. ലൈസന്‍സ് രാജ് ഇല്ലാതാക്കിയ നരസിംഹറാവുവിനും വ്യാവസായിക വിപ്ലവം കൊണ്ടുവന്ന രാജീവ്ഗാന്ധിക്കും റേഷന്‍വില പിടിച്ചുനിര്‍ത്തിയ മൊറാര്‍ജി ദേശായിക്കും തൊട്ടടുത്ത തിരഞ്ഞെടുപ്പിനുശേഷം അധികാരത്തിലേറാന്‍ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ തിളങ്ങുന്നുവെന്ന മുദ്രാവാക്യം ഉയര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിട്ട അടല്‍ ബിഹാരി വാജ്‌പേയിക്കും പിന്നീട് അധികാരത്തിലെത്താന്‍ കഴിഞ്ഞില്ല. വികസന പ്രവര്‍ത്തനങ്ങള്‍ അത്യാവശ്യമാണ്. എന്നാല്‍ അതുമാത്രം പോര’ – സ്വാമി പറഞ്ഞു. ഗുജറാത്ത് മോഡലും ഹിന്ദുത്വ അജന്‍ഡയും ഉയര്‍ത്തിക്കാട്ടിയാണ് 2014 ല്‍ ബി.ജെ.പി അധികാരത്തില്‍ എത്തിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ ഹിന്ദുത്വ അജണ്ട ഉയര്‍ത്തിക്കാട്ടാതെ ബി.ജെ.പിക്ക് ഒരിക്കലും തിരഞ്ഞെടുപ്പില്‍ വിജയിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.