എല്‍ ഡി എഫ് ഭരണത്തില്‍ കയറിയതിനു ശേഷം കേരളത്തില്‍ പോലീസിന്‍റെ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു എന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം : പുതിയ എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ കയറിയതിനു ശേഷം കേരളത്തില് പൊലീസിനെതിരായ കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന എന്ന് വാര്‍ത്തകള്‍. രണ്ട് മാസത്തിനിടെ പൊലീസ് പീഡിപ്പിച്ചെന്ന് ആരോപിച്ച് നൂറിലധികം പരാതികള്‍ കിട്ടിയെന്ന് പൊലീസ് കംപ്ലയിന്‍റ് അതോറിറ്റി ചെയര്‍മാന്‍ പറയുന്നു. പൊലീസ് പീഡിപ്പിച്ചെന്ന് ആരോപിച്ച് രണ്ട് മാസത്തിനകം ലഭിച്ചത് നൂറിലേറെ പരാതികള്‍. ഇതിലധികവും കസ്റ്റഡി മര്‍ദ്ദനം ആരോപിച്ചുള്ളതാണ്. ഫോര്‍ട്ട് കൊച്ചി കേസ്, മാവേലിക്കര കുറത്തിയാട് ചുമട്ട് തൊഴിലാളിയെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ചത്, കുറ്റ്യാടി സംഭവം തുടങ്ങി കുറച്ച് കേസുകള്‍ മാത്രമാണ് ഇക്കാലയളില്‍ ജനശ്രദ്ധയില്‍ എത്തിയത്. കള്ളക്കേസ് ചുമത്തുക, അനാവശ്യമായി സ്റ്റേഷനിലേക്ക് വിളിപ്പിക്കുക, സിവില്‍ കേസുകള്‍ തീര്‍പ്പാക്കുക തുടങ്ങി നിരവധി പരാതികളാണ് ഓരോ ദിവസവും പൊലീസ് കംപ്ലയിന്‍റ് അതോരിറ്റിക്ക് മുന്നില്‍ എത്തുന്നത്. അക്രമവാസന വച്ച് പുലര്‍ത്തുന്നവരെ മേലുദ്യോഗസ്ഥര്‍ നിയന്ത്രിക്കാത്തതാണ് പ്രശ്നം ഗുരുതരമാക്കുന്നതെന്ന് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന പരിശീലനത്തിലെ അപാകതയാണ് പ്രശ്നങ്ങള്‍ക്ക് ഒരു പരിധി വരെ കാരണം. മനുഷ്യാവകാശം, ഭരണഘടന എന്നിവയെക്കുറിച്ച് ഉദ്യോഗസ്ഥര്‍ക്ക് ധാരണയില്ല. ശാസ്‌ത്രീയമായി കേസുകള്‍ അന്വേഷിച്ച് കണ്ടെത്തുന്നത് കുറയുന്നു. മര്‍ദ്ദനത്തിലൂടെ കുറ്റം സമ്മതിപ്പിക്കുന്ന രീതിയ്‌ക്ക് മാറ്റം വരണമെന്നും ജസ്റ്റിസ് നാരായണക്കുറിപ്പ് വ്യക്തമാക്കി. അതേസമയം സര്‍ക്കാര്‍ മാറ്റവും സംഘടനാ പിന്‍ബലവുമാണ് പോലീസിന്‍റെ ഈ പ്രവര്‍ത്തികള്‍ക്ക് കാരണം എന്നും പറയുന്നു.