പശുക്കളെ കടത്തിയ യുവാവിനെ സൈന്യം വെടിവെച്ചുകൊന്നു

ത്രിപുര :  പശുക്കളെ അതിര്‍ത്തി വഴി കടത്തി എന്നാരോപിച്ച്      യുവാവിനെ അതിര്‍ത്തി സേന വെടി​വെച്ച്​ കൊന്നു. കഴിഞ്ഞ ദിവസം രാത്രി ത്രിപുരയിലെ ബംഗ്ലാദേശ്​ അതിർത്തി ഗ്രാമത്തിലാണ്​ സംഭവം. അരാബർ റഹ്​മാൻ എന്ന യുവാവി​നെയാണ്​ സൈന്യം കൊലപ്പെടുത്തിയത്​. സൈന്യം രാത്രി പെട്രോളിംഗ് നടത്തുന്ന സമയമാണ് യുവാവിനെ വെടിവെച്ചു കൊന്നത്. പെട്രോളിങ്ങി​നിടെ അനധികൃതമായി കന്നുകാലികളെ കടത്തിയ ആൾക്കു​നേരെ വെടിയുതിർത്തത്​ ബി.എസ്​.എഫ്​ തങ്ങളെ അറിയിച്ചതായി ത്രിപുര പോലീസ് പറയുന്നു. അതേസമയം സൈനികരുടെ ആരോപണങ്ങൾ തള്ളി  കൊല്ലപ്പെട്ടയാളുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്​. യുവാവ്​ നിരപരാധിയാണെന്നാണ്​ ബന്ധുക്കൾ പറയുന്നത്​. സൈനിക​ർക്കെതിരെ യുവാവിന്റെ  കുടുംബം  പൊലീസില്‍​ പരാതി നൽകിയിട്ടുണ്ട്​. സംഭവത്തിനെതിരെ ജനങ്ങള്‍ക്കിടയില്‍ അമര്‍ഷം പുകയുന്നുണ്ട്.