നോട്ടു നിരോധനം നടപ്പിലാക്കിയത് പണക്കാര്‍ക്ക് വേണ്ടി : രാഹുല്‍ഗാന്ധി

ന്യൂഡൽഹി :   പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് നിരോധനം നടപ്പാക്കിയത് രാജ്യത്തെ ഒരു ശതമാനം വരുന്ന വന്‍ പണക്കാര്‍ക്ക് വേണ്ടിയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നവംബർ 8ന് ശേഷം എത്ര കള്ളപ്പണം പിടിച്ചെടുത്തു, എത്രമാത്രം രാജ്യം സാമ്പത്തികമായി അരക്ഷിതമായി, എത്ര ജനങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടു എന്നീ കാര്യങ്ങൾ മോദി ജനങ്ങളോട് വിശദീകരിക്കണമെന്നും രാഹുൽ  ആവശ്യപ്പെട്ടു. കള്ളപ്പണത്തിനെതിരെയുള്ള യജ്ഞത്തിൽ ഏർപ്പെട്ടിരിക്കുകയാണ് പ്രധാനമന്ത്രി എന്നാണ് പറയുന്നത്. എല്ലാ യജ്ഞത്തിലും ഏന്തെങ്കിലുമൊക്കെ  ബലി നൽകാറുണ്ട്. ഈ യജ്ഞത്തിൽ  ബലി നൽകിയത് പാവപ്പെട്ട ജനങ്ങളെയായിരുന്നുവെന്നും രാഹുൽ പറഞ്ഞു. ജനങ്ങൾക്ക് അവരുടെ സാമ്പത്തിക സ്വാതന്ത്ര്യം തിരിച്ചു നൽകണം. നോട്ട് നിരോധവുമായി ബന്ധപ്പെട്ട് കർഷകർക്കുണ്ടായ നഷ്ടം നികത്തുന്നത് എങ്ങനെയാണെന്ന് വ്യക്തമാക്കണം. കർഷകരുടെ വായ്പ എഴുതിത്തള്ളണമെന്നും രാഹുൽ ആവശ്യപ്പെട്ടു. മോദി ജനങ്ങളെ ഭയത്തിന്‍റെ മുൾമുനയിൽ നിർത്തുകയാണ്. ചില രേഖകൾ നിരത്തി മോദിയോട് ചില ചോദ്യങ്ങൾ ചോദിച്ചെങ്കിലും അദ്ദേഹം മറുപടി നൽകിയില്ലെന്നും സഹാറ-ബിർള അഴിമതി ആരോപണം പരാമർശിച്ചുകൊണ്ട് രാഹുൽ പറഞ്ഞു.ന്യൂഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.