പിണറായി മുണ്ട് ഉടുത്ത മോദി എന്ന് സി പി ഐ എക്സിക്യുട്ടീവ് കമ്മിറ്റി
മുഖ്യമന്ത്രി പിണറായി വിജയന് എതിരെ സി പി ഐ എക്സിക്യുട്ടീവ് കമ്മിറ്റിയില്‍ രൂക്ഷമായ വിമര്‍ശനം. പിണറായി മുണ്ടുടുത്ത മോദിയാണെന്നുവരെ വിമര്‍ശം ഉയര്‍ന്നു. സിപിഐയുടെ വകുപ്പുകള്‍ അടക്കി ഭരിക്കാന്‍ മുഖ്യമന്ത്രി നോക്കേണ്ട. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്റെ യോഗം വിളിച്ചത് ശരിയായില്ലെന്നും വിമര്‍ശം ഉയര്‍ന്നു. മുഖ്യമന്ത്രിക്ക് വകുപ്പുകളെ പറ്റി യാതൊരുവിധ അറിവും ഇല്ലെങ്കിലും എല്ലാം തന്‍റെ നിയന്ത്രണത്തിലാണെന്ന് വരുത്തുകയാണെന്നും ഏകപക്ഷീയമാണ് പെരുമാറുന്നതെന്നും യോഗത്തില്‍ വിമര്‍ശം ഉയര്‍ന്നു. പിണറായിയെ കൂടാതെ സിപിഐ മന്ത്രിമാരെ വിമര്‍ശിച്ച എ.കെ ബാലനെതിരെയും രൂക്ഷവിമര്‍ശനമുയര്‍ന്നു. ‘ബാലന്‍ ജനിച്ചപ്പൊഴേ ഭരണകര്‍ത്താവിയിരുന്നോ ? സിപിഎം കയ്യേറിയ ഭൂമിക്ക് ചുളുവില്‍ പട്ടയം നേടാമെന്ന് ആരും കരുതേണ്ട’ – യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. അതുപോലെ റേഷന്‍ പ്രതിസന്ധിയില്‍ സ്വയം വിമര്‍ശനവും സിപിഐ നടത്തി. നോട്ട് പ്രതിസന്ധിക്കിടെ റേഷന്‍ വിതരണം തടസ്സപ്പെട്ടതിന്റെ സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല എന്നും കമ്മിറ്റി വിമര്‍ശനം ഉന്നയിച്ചു.