മലയാളി പ്രവാസികള്‍ക്ക് നോട്ടുമാറി എടുക്കണം എങ്കില്‍ ചെന്നൈയിലോ കൊല്‍ക്കത്തയിലോ പോകണം

കോഴിക്കോട് : നോട്ടു നിരോധനം നടപ്പില്‍ വന്നപ്പോള്‍ ഏറ്റവും കൂടുതല്‍ ആശങ്കപ്പെട്ടത് പ്രാസികളായ ഇന്ത്യാക്കാര്‍ ആണ്. കാരണം ലക്ഷക്കണക്കിന്‌ ഇന്ത്യക്കാരുടെ കൈകളിലായി കോടിക്കണക്കിനു രൂപയാണ് ഉള്ളത്. തിരിച്ചു നാട്ടില്‍ എത്തുമ്പോള്‍ ഉപയോഗിക്കാന്‍ വേണ്ടി സൂക്ഷിച്ചിരിക്കുന്ന പണം എന്ത് ചെയ്യണം എന്ന ആലോചനയിലായിരുന്നു പ്രവാസിലോകം മുഴുവന്‍. അവധിക്ക് നാട്ടില്‍ വന്നവരുടെ കൈകളില്‍ ഇത്തരത്തില്‍ പണം നല്‍കിയവര്‍ ഉണ്ട് എങ്കിലും വളരെ കുറച്ചു മാത്രമാണ് ഇത്തരത്തില്‍ സംഭവിച്ചത്. നോട്ടു മാറ്റി എടുക്കുവാനുള്ള സമയം അവസാനിക്കുകയും ചെയ്തിരുന്നു.അപ്പോഴാണ്‌ പ്രവാസികള്‍ക്ക് ജൂണ്‍ 30 വരെ ഇത്തരത്തിലുള്ള സമയം നീട്ടി നല്കാന്‍ കേന്ദ്രം തീരുമാനിച്ചത്. എന്നാല്‍ മലയാളികള്‍ക്ക് ഇതുകൊണ്ട് യാതൊരുവിധ ഗുണങ്ങളും ഉണ്ടാകുവാന്‍ പോകുന്നില്ല  എന്നാണു വാര്‍ത്തകള്‍ പറയുന്നത്.  കൈവശമുള്ള പഴയ 1000, 500 രൂപ കറന്‍സികള്‍ മാറ്റാനുള്ള സമയം പ്രവാസികള്‍ക്ക് ജൂണ്‍ 30 വരെ നീട്ടിയെങ്കിലും മുംബൈ, ന്യൂഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, നാഗ്പൂര്‍ എന്നിവിടങ്ങളിലെ റിസര്‍വ് ബാങ്ക് ഓഫിസുകളിലൂടെ മാത്രമേ അത് സാധിക്കു. അസാധു നോട്ടുകള്‍ കൈവശം വെക്കുന്നത് കുറ്റകരമാക്കി കഴിഞ്ഞ ദിവസം രാഷ്ട്രപതി അംഗീകാരം നല്‍കിയ ഓര്‍ഡിനന്‍സിലാണ് പ്രവാസികളുടെ ആവശ്യം പരിഗണിച്ച് നോട്ടു മാറ്റിനല്‍കാനുള്ള സമയം ദീര്‍ഘിപ്പിച്ചു നല്‍കിയതായി പ്രഖ്യാപനമുണ്ടായത്. ഈ ഇളവ് അല്‍പം ആശ്വാസമായെന്ന വിലയിരുത്തലിലായിരുന്നു ഗള്‍ഫിലടക്കമുള്ള മലയാളി പ്രവാസികള്‍. ഒരാള്‍ക്ക് പരമാവധി 25,000 രൂപ മാത്രമേ മാറ്റാനാകൂ. അതിനായി വലിയൊരു തുക യാത്രക്കും മറ്റുമായി ചെലവാക്കേണ്ട ഗതികേടാണ് വന്നിരിക്കുന്നത്.