പശുക്കുട്ടിയുടെ അച്ഛനെ കണ്ടുപിടിക്കാന്‍ ഡി എന്‍ എ ടെസ്റ്റ്‌ നടത്തുന്നു

കുട്ടികളുടെ പിതൃത്വം തെളിയിക്കുവാന്‍ വേണ്ടി ഡി എന്‍ എ ടെസ്റ്റ്‌ നടത്തുക നാം പത്രമാധ്യമങ്ങളില്‍ ഇടയ്ക്കിടയ്ക്ക് കാണാറുണ്ട്. എന്നാല്‍ ഒരു പശുകുട്ടിയുടെ അച്ഛന്‍ ആരെന്നു തെളിയിക്കാന്‍ വേണ്ടിയും ഡി എന്‍ എ ടെസ്റ്റ്‌ നടത്തുന്നു എന്നത് ആദ്യമായിട്ടായിരിക്കും . തമിഴ്നാട്ടിലെ തിരുവാരൂര്‍ ജില്ലയിലാണ് സംഭവം. ബന്ധുക്കളും അയല്‍വാസികളുമായ രാജരത്‌നവും മതിയഴകനുമാണ് പശുക്കുട്ടി തങ്ങളുടേതാണെന്ന് പറഞ്ഞു രംഗത്ത് വന്നത്. രാജരത്‌നമാണ് ആദ്യം പോലിസില്‍ പരാതിപ്പെട്ടത്. തന്റെ പശു പ്രസവിച്ച കുട്ടിയെ കാണാനില്ലെന്നും ഏറെ നേരത്തിന് ശേഷം പശുക്കുട്ടിയെ മതിയഴകന്റെ തൊഴുത്തില്‍ കണ്ടുവെന്നുമാണ് പരാതി. എന്നാല്‍ പശുക്കുട്ടിയെ വിട്ടുതരാന്‍ മതിയഴകന്‍ തയ്യാറായിട്ടില്ലെന്നും രാജരത്‌നം പരാതിയില്‍ ബോധിപ്പിച്ചു. എന്നാല്‍ രാജര്തനം കള്ളം പറയുകയാണെന്നും പശുക്കുട്ടി തന്റെതാണെന്നുമാണ് മതിയഴകന്റെ വാദം. ആദ്യം പോലിസ് ചില നാടന്‍ പ്രയോഗങ്ങള്‍ നടത്തി. രണ്ട് പശുക്കളെയും അകലെ കെട്ടിയിട്ടു. പശുക്കുട്ടി ഏത് പശുവിന്റെ അടുത്തേക്കാണോ ഓടിയെത്തുന്നത് അതാണ് യഥാര്‍ഥ മാതാവ്. എന്നാല്‍ അതുകൊണ്ടൊന്നും പ്രശ്‌നം തീര്‍ന്നില്ല. പശുക്കുട്ടി ഓടിയടുത്തത് മതിയഴകന്‍ കൊണ്ടുവന്ന പശുവിന്റെ അടുത്തേക്കാണ്. ഇതോടെ പോലിസ് പ്രശ്‌നം തീര്‍ന്നതായി പ്രഖ്യാപിച്ചു. എന്നാല്‍ രാജരത്‌നം വിട്ടില്ല. അയാള്‍ തന്റെ നിലപാടില്‍ ഉറച്ചുനിന്നു.

രാജരത്‌നത്തെ അനുകൂലിച്ച് ആളുകള്‍ സംഘടിക്കാനും തുടങ്ങി. കര്‍ഷകര്‍ തമ്മിലുള്ള പ്രശ്‌നം ക്രമസമാധാന വിഷയമാവാന്‍ സാധ്യതയുള്ളതിനാല്‍ പോലീസ് തന്നെയാണ് ഡി എന്‍ എ ടെസ്റ്റ്‌ എന്ന ആശയം മുന്നോട്ടുവച്ചത്. പിതൃത്വം അറിയാന്‍ സാധാരണ മനുഷ്യരിലാണ് ഡിഎന്‍എ പരിശോധന നടത്താറുള്ളത്. മൃഗങ്ങളില്‍ ഇത്തരം പരിശോധന അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. മൃഗങ്ങളില്‍ ഡിഎന്‍എ പരിശോധന നടത്താനുള്ള സാങ്കേതിക വിദ്യ ഇന്ന് നിലവിലുണ്ട്. വളരെ ചെലവുള്ള രീതിയാണിതെന്നു മൃഗസംരക്ഷണ സ്ഥാപനത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. പശുവിനെ വിറ്റാല്‍ കിട്ടുന്ന പണത്തിനെക്കാള്‍ ചിലവ് കൂടുതലാണ് ഡി എന്‍ എ ടെസ്റ്റ്‌ നടത്തുവാന്‍.എന്തായാലും ടെസ്റ്റ്‌ നടന്നാല്‍ പശുകുട്ടി ചരിത്രത്തില്‍ ഇടം നേടും എന്ന കാര്യം വ്യകതമാണ്.