പരാതിപ്രവാഹം ; അവസാനം ഭീം ആപ്പ് പുതുക്കി പണിതു
പണമിടപാടുകള്‍ നടത്തുവാന്‍ വേണ്ടി കേന്ദ്രസര്‍ക്കാര്‍ പുരത്തിറക്കിയ ആപ്പ് ആണ് ഭീം ആപ്പ്. എന്നാല്‍ ഇറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ ആപ്പ് പുതുക്കി പണിതിരിക്കുകയാണ് കേന്ദ്രം. കാര്യം വേറൊന്നുമല്ല ആപ്പ് ഡൌണ്‍ലോഡ് ചെയ്തു ഇടപാടുകള്‍ നടത്തിയ പലര്‍ക്കും ആപ്പ് നല്ലൊരു ആപ്പായി മാറി എന്നത് തന്നെ. കനത്ത സുരക്ഷാ വീഴ്ച റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ആപ്പ് ഇപ്പോള്‍ പുതുക്കിയത്. അജ്ഞാതരില്‍ നിന്ന് ആപ്പിലൂടെ പേയ്‌മെന്റ് റിക്വസ്റ്റുകളെത്തുന്നതാണ് ആപ്പിന്റെ സുരക്ഷയ്ക്ക് വെല്ലുവിളിയായത്. കൂടാതെ ചിലര്‍ക്ക് ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്യാന്‍ കഴിയുന്നില്ലെന്നും ചിലര്‍ക്ക് പണം കൈമാറാനാകുന്നില്ലെന്നുമൊക്കെ പരാതികളുണ്ട്. പണം കൈമാറുമ്പോള്‍ അതിന്റെ സന്ദേശങ്ങളെത്താത്തതും പ്രശ്‌നം സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍, പുതുക്കിയ പതിപ്പില്‍ ഇതൊക്കെ പരിഹരിച്ചിട്ടുണ്ടെന്ന് എന്‍.പി.സി.ഐ. അവകാശപ്പെടുന്നു. ആപ്പ് ഡൗണ്‍ലോഡ് ചെയ്തവര്‍ അത് അപ്‌ഡേറ്റ് ചെയ്യണമെന്ന് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ.) അറിയിച്ചു. ഗൂഗിളിന്റെ പ്ലേ സ്റ്റോറില്‍ എത്തി അധികം വൈകും മുമ്പ് ഭീം, ഇന്ത്യയില്‍ നിന്നുള്ള സൗജന്യ മൊബൈല്‍ ആപ്പുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു.