കേന്ദ്ര ബജറ്റ് മാറ്റിവെക്കില്ല ; ഹര്‍ജി പരിഗണിക്കുവനാകില്ല എന്ന് കോടതി

സംസ്​ഥാനങ്ങളിൽ തെര​ഞ്ഞെടുപ്പ്​ പ്രഖ്യാപിച്ച സാഹചര്യത്തിൽ കേന്ദ്ര ബജറ്റ്​ മാറ്റണമെന്നാവശ്യപ്പെട്ട്​ സു​പ്രീം​കോടതിയിൽ സമർപ്പിച്ച ഹരജി കോടതി പരിഗണിച്ചില്ല.  ബജറ്റ് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹർജി ഇപ്പോൾ പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ബജറ്റ് മാറ്റിവയ്ക്കാൻ ഉത്തരവ് നല്‍കാനിടയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങളും വ്യക്തമാക്കി. ഫെബ്രുവരി നാലിന് വോട്ടെടുപ്പ് തുടങ്ങാനിരിക്കെ ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര സർക്കാരിനെ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടാണ് ഇന്നലെ പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തിയത്. വിഷയം ഇന്ന് സുപ്രീം കോടതിയിലുമെത്തി. ബജറ്റ് അവതരണം മാർച്ചിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹർജി ചീഫ് ജസ്റ്റിസ് ജെഎസ് കെഹാർ ഉൾപ്പെട്ട ബഞ്ചിനു മുമ്പാകെ എത്തി. ഇത് അടിയന്തരമായി കേൾക്കണം എന്നായിരുന്നു ഹർജിക്കാരനായ എംഎൽ ശർമ്മയുടെ ആവശ്യം. എന്നാൽ ഹർജിക്ക് അടിയന്തര സ്വഭാവം ഇല്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇത് പിന്നീട് കേൾക്കാമെന്നും കോടതി വ്യക്തമാക്കി. ബജറ്റ്​ സമ്മേളനം ജനുവരി 31ന്​ തുടങ്ങ​ുന്നതിൽ തങ്ങൾക്ക്​ എതിർപ്പില്ല. എന്നാൽ ബജറ്റ്​ മാർച്ച്​ എട്ടിന്​ ശേഷം അവതരിപ്പിച്ചാൽ മതി. അതുവരെയും മറ്റ്​ സഭാനടപടികൾ നടത്താവുന്നതാണെന്ന്​ കോൺഗ്രസ്​ നേതാവ്​ ഗുലാം നബി ആസാദ്​ പറഞ്ഞു. തെരഞ്ഞെടുപ്പ്​ കമീഷൻ ഇൗ വിഷയത്തിൽ ഉറപ്പൊന്നും നൽകിയിട്ടില്ലെന്നും തങ്ങളുടെ പരാതികൾ കേൾക്കുകയാണ്​ ചെയ്​തതെന്നും ഗുലാം നബി കൂട്ടിച്ചേർത്തു.ഉത്തർപ്രദേശ്​, പഞ്ചാബ്​, ഉത്തരാഖണ്ഡ്​, ഗോവ, മണിപ്പുർ എന്നീ അഞ്ച്​ സംസ്​ഥാനങ്ങളിലാണ്​ ഫെബ്രുവരി, മാർച്ച്​ മാസങ്ങളിലായി തെരഞ്ഞെടുപ്പ്​ നടക്കുന്നത്​.കൂടാതെ  ബിജെപിയുടെ താമര ചിഹ്നം റദ്ദാക്കണമെന്നും ഇതേ ഹർജിയിൽ ആവശ്യമുണ്ടായിരുന്നു. പ്രതിപക്ഷത്തിന്റെ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശങ്ങളും ഇതുവരെ വന്നിട്ടില്ല. ബജറ്റ് മാറ്റാൻ ആവശ്യപ്പെടില്ല എന്ന സൂചനയാണ് ഉന്നതവൃത്തങ്ങൾ നല്‍കിയത്.  ഈ സംസ്ഥാനങ്ങളെ സ്വാധീനിക്കുന്ന പ്രഖ്യാപനങ്ങൾ പാടില്ലെന്ന് നിർദ്ദേശം നല്‍കും.