പമ്പ് ഉടമകള്‍ ഉടക്കി ; സര്‍ക്കാര്‍ മുട്ടുമടക്കി ; പെട്രോൾ പമ്പുകളിലെ കാർഡ് ഇടപാടുകൾക്ക് അധിക ചാർജ് ഈടാക്കരുതെന്ന് സർക്കാർ

ന്യൂഡൽഹി : കാര്‍ഡ് വഴിയുള്ള ഇടപാടുകള്‍ക്കു ഉപഭോക്താവോ പമ്പുടമകളോ അധികം തുക നല്‍കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.  ഡിജിറ്റൽ ഇടപാടുകൾക്ക് ഉപഭോക്താക്കളിൽ നിന്നും കൂടുതൽ പണം വാങ്ങില്ലെന്ന് പെട്രോളിയം സഹമന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. കാർഡ് ഇടപാടുകൾക്ക് വരുന്ന അധിക ചാർഡ് ആര് വഹിക്കും എന്നതിനെ സംബന്ധിച്ച് ബാങ്കുകളും എണ്ണ കമ്പനികളും ചർച്ച നടത്തും. കാര്‍ഡ് ഉപയോഗിച്ച് ഇന്ധനം നിറക്കുന്നതിന് ബാങ്കുകള്‍ ഒരു ശതമാനം സര്‍വിസ് ചാര്‍ജ് പമ്പ് ഉടമകളില്‍നിന്ന് ഈടാക്കുന്നത് പുന:പരിശോധിക്കുമെന്ന് സർക്കാർ  ഇന്നലെ ഉറപ്പ് നൽകിയിരുന്നു. തുടർന്നാണ്  തിങ്കളാഴ്ച മുതല്‍ കാര്‍ഡുകള്‍ സ്വീകരിക്കില്ളെന്ന ഒരു വിഭാഗം പെട്രോള്‍ പമ്പുടമകളുടെ തീരുമാനം തല്‍ക്കാലത്തേക്ക് പിന്‍വലിച്ചത്.ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തിവെക്കുമെന്ന് പമ്പ് ഉടമകള്‍ ഭീഷണി മുഴക്കിയതിനെ തുടര്‍ന്നാണിത്. കാര്‍ഡു വഴി നടത്തുന്ന ഇടപാടുകളുടെ സര്‍വിസ് ചാര്‍ജ് പമ്പുടമകളില്‍നിന്ന് ഈടാക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് അധികബാധ്യതയാവില്ല. രാജ്യത്തെ 53,842 പൊതുമേഖല പെട്രോള്‍ പമ്പുകളാണുള്ളത്. ഇതില്‍ 52,000ത്തിലും ഉപയോഗിക്കുന്ന സൈ്വപിങ് മെഷീനുകളില്‍ 60 ശതമാനവും ഐ.സി.ഐ.സി.ഐ, എച്ച്.ഡി.എഫ്.സി ബാങ്കുകളുടേതാണ്. പെട്രോള്‍ പമ്പുകളില്‍ കാര്‍ഡ് സ്വീകരിച്ചില്ളെങ്കില്‍ അത് നോട്ടുരഹിത സമ്പദ്വ്യവസ്ഥ ലക്ഷ്യംവെക്കുന്ന സര്‍ക്കാറിനെയും കുഴക്കും. കാര്‍ഡുപയോഗിച്ച് ഇന്ധനം നിറക്കുന്നവര്‍ക്ക് സര്‍ക്കാര്‍ 0.75 ശതമാനം തുക ഇളവ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2016 നവംബര്‍ എട്ടിനു നോട്ട് നിരോധനം നിലവില്‍ വന്ന ശേഷം കാഷ്‌ലെസ് ഇടപാടുകളെ പ്രോല്‍സാഹിപ്പിക്കാന്‍ 50 ദിവസത്തേക്ക് ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് പ്രത്യേക തുക ഈടാക്കിയിരുന്നില്ല. എന്നാല്‍ ഈ കാലാവധി അവസാനിച്ചതോടെ കാര്‍ഡ് വഴിയുള്ള എല്ലാ ഇടപാടുകള്‍ക്കും പമ്പുകളില്‍ നിന്നു ബാങ്കുകള്‍ ഒരു ശതമാനം ട്രാന്‍സാക്ഷന്‍ ഫീസ് ഈടാക്കിയിരുന്നു.