നെഹ്‌റുകോളേജിന്‍റെ വെബ്സൈറ്റ് കേരളാ സൈബര്‍ വാരിയേര്‍സ് ഹാക്ക് ചെയ്തു

കൊച്ചി : വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രതിഷേധം ആളി പടരുകയാണ്. വിഷയത്തില്‍ നിന്നും പിന്‍വലിഞ്ഞു നിന്ന പ്രമുഖ മാധ്യമങ്ങളും ഇന്നലെ വിദ്യാര്‍ത്ഥി സംഘടനകള്‍ കോളേജ് അടിച്ചു തകര്‍ത്തതോടെ വിഷയത്തില്‍ വാര്‍ത്ത‍ നല്‍കുവാന്‍ നിര്‍ബ്ബന്ധിതരായി. പ്രതിസ്ഥാനത്തായ നെഹ്‌റു കോളേജ് പല ന്യായങ്ങളും നിരത്തുന്നുണ്ട്‌ എങ്കിലും എല്ലാം തെളിവ് സഹിതം തള്ളി പോവുകയാണ്. അതിനിടയ്ക്ക് ഇപ്പോള്‍ നെഹ്‌റു കോളേജിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. കേരളാ സൈബര്‍ വാരിയേര്‍സ് ആണ് സൈറ്റ് ഹാക്ക് ചെയ്തത്. ഇപ്പോള്‍ സൈറ്റ് തുറക്കുന്നവര്‍ക്ക് കാണാനാകുന്നത് ജസ്റ്റിസ് ഫോര്‍ ജിഷ്ണു എന്ന വാചകവും ജിഷ്ണുവിന്റെ ചിത്രവുമാണ്. കൂടാതെ ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം വെറും കച്ചവടമായി മാറി എന്നും അവര്‍ സൈറ്റില്‍ കുറിക്കുന്നു. അതേസമയം ജിഷ്ണു കോപ്പിയടിച്ചു എന്ന കോളേജിന്റെ വാദം കള്ളമാണ് എന്നതിന് തെളിവ് പുറത്തു വന്നു. ജിഷ്ണു കോപ്പിയടിച്ചതായി തങ്ങള്‍ക്ക് പരാതി കോളേജ് നല്‍കിയിട്ടില്ലെന്ന് സാങ്കേതിക സര്‍വകലാശാല പരീക്ഷ കണ്‍ട്രോളര്‍ വ്യക്തമാക്കി. ദ്യാഭ്യാസമന്ത്രിയുടെ നിര്‍ദേശപ്രകാരം തെളിവെടുപ്പിനായി നെഹ്‌റു കോളേജില്‍ എത്തിയപ്പോള്‍ ആണ് പരീക്ഷ കണ്‍ട്രോളര്‍ ഡോ.എസ്.ഷാബു ഇക്കാര്യം അറിയിച്ചത്. യൂണിവേഴ്‌സിറ്റി രജിസ്ട്രാര് ഡോ.ജിപി പത്മകുമാറിനൊപ്പമാണ് പരീക്ഷ കണ്‍ട്രോളര്‍ കോളേജില്‍ തെളിവെടുപ്പിനായി എത്തിയത്. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ കോളേജ് സന്ദര്‍ശിച്ചു.