ലോകത്ത് ആദ്യമായി വിമാനത്തിലും സ്ത്രീ സംവരണവുമായി എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി :  ബസ്സിലും ട്രെയിനിലും സ്ത്രീകള്‍ക്ക് സംവരണം ഉള്ളതായി നമുക്കറിയാം.എന്നാല്‍ വിമാനത്തിലും സ്ത്രീകള്‍ക്ക് സംവരണം നടപ്പിലാക്കുകയാണ് ഇന്ത്യന്‍ വിമാനകമ്പനിയായ എയര്‍ ഇന്ത്യ. ഇനിമുതല്‍  ഓരോ വിമാനത്തിലും ആറു സീറ്റുകളാണ് വനിതകള്‍ക്കായി നീക്കി വെക്കുക. ജനുവരി 18 മുതല്‍ രീതി നിലവില്‍ വരും. അധിക നിരക്ക് ഈടാക്കാതെയാണ് സൗകര്യം.  വിമാനത്തിലെ എക്കോണമി ക്ലാസ് വിഭാഗത്തിലെ മൂന്നാമതു വരിയിലെ സീറ്റുകളാണ് സ്ത്രീകള്‍ക്കായി നീക്കി വെക്കുകയെന്ന് എയര്‍ ഇന്ത്യാ ജനറല്‍ മാനേജര്‍ മീനാക്ഷി മാലിക് അറിയിച്ചു. സ്ത്രീകള്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാന്‍ സൗകര്യമൊരുക്കാനുള്ള ദേശീയ വിമാനത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് തീരുമാനമെന്നും അവര്‍ അറിയിച്ചു. ഒറ്റക്കു യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്കാണ് പരിഗണന നല്‍കുക. റിസര്‍വ് ചെയ്ത സീറ്റുകള്‍ സ്ത്രീകള്‍ക്കു മാത്രമേ നല്‍കൂ. ടിക്കറ്റ് ബുക്കിംഗ് സമയത്തോ ബോര്‍ഡിംഗ് പാസ് എടുക്കുമ്പോഴോ സ്ത്രീകള്‍ക്ക് ഈ  സീറ്റുകള്‍ ആവശ്യപ്പെടാം.സ്ത്രീകളുടെ സുരക്ഷ മുന്‍നിര്‍ത്തിയുള്ള തീരുമാനം ലോകത്ത് ആദ്യമായാണ് ഒരു വിമാനത്തില്‍ നിലവില്‍ വരുന്നതെന്ന് എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു.