നോട്ടുനിരോധനത്തിന് പിന്നിലുള്ള നിഗൂഢത വര്‍ധിക്കുന്നു ; വിഷയത്തില്‍ ഉത്തരം നല്‍കാതെ ആര്‍ ബി ഐ

ന്യൂഡല്‍ഹി : ഇന്ത്യന്‍ സര്‍ക്കാരിന്റെ തന്നെ ഏറ്റവും മഹത്തായ തീരുമാനം എന്ന പേരില്‍ ചരിത്രത്തില്‍ ഇടംനേടിയ ഒന്നായിരുന്നു 500,1000 രൂപാ നോട്ടുകളുടെ നിരോധനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇത്തരത്തില്‍ ഒരു തീരുമാനം എടുത്ത വ്യക്തി എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു എങ്കിലും റിസര്‍വ് ബാങ്ക് നല്‍കുന്ന മറുപടികള്‍ ശ്രദ്ധിച്ചാല്‍ എന്തോ കുഴപ്പം ഉള്ളത് പോലെ.കാരണം നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടുന്നത് രാജ്യസുരക്ഷയ്ക്കും ജീവനക്കാരുടെ  ജീവനും ഭീഷണിയാണെന്നാണ്  റിസര്‍വ് ബാങ്ക് അധികൃതര്‍ പറയുന്നത്. വിവരാവകാശ നിയമപ്രകാരം വസ്തുതകള്‍ ആരാഞ്ഞപ്പോഴാണ് ആര്‍.ബി.ഐ അധികൃതര്‍ ഈ മറുപടി നല്‍കിയത്. ഇതോടെ നോട്ട് നിരോധിക്കാനുള്ള തീരുമാനമുണ്ടായത് എവിടെനിന്നാണ്  എന്ന കാര്യത്തില്‍ നിഗൂഢത വീണ്ടും ശക്തമാവുകയാണ്. നോട്ട് നിരോധനമെന്ന ആശയം മുന്നോട്ടുവച്ചത് ആരാണ് എന്നത് സംബന്ധിച്ച പരസ്പര വിരുദ്ധമായ വിശദീകരണങ്ങളാണ് കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും നല്‍കിയിട്ടുള്ളത്. എന്നാല്‍ നോട്ട് നിരോധനത്തിന് നിര്‍ദ്ദേശം നല്‍കിയത് ആര്‍.ബി.ഐയാണെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. പക്ഷെ നോട്ട് അസാധുവാക്കലിന് മുന്നോടിയായി നടത്തിയ ഒരുക്കങ്ങളെപ്പറ്റി ആരാഞ്ഞപ്പോഴും വിവരം നല്‍കാനാവില്ലെന്ന മറുപടിയാണ് ആര്‍.ബി.ഐ നല്‍കിയത്.  വിവരം പുറത്തുവിടുന്നയാളുടെ ജീവനും രാജ്യസുരക്ഷയ്ക്കും രാജ്യത്തിന്റെ പരമാധികാരത്തിനും വിവരങ്ങള്‍ കൈമാറുന്നത് ഭീഷണിയാണെന്ന വാദമാണ് ആര്‍.ബി.ഐ ഇപ്പോള്‍  ഉയര്‍ത്തിയിട്ടുള്ളത്.