ഗംഗാ നദിയില്‍ ബോട്ട് മുങ്ങി 21 പേര്‍ മരിച്ചു ; ദുരന്തത്തിനു കാരണം കൂടുതല്‍ യാത്രക്കാര്‍ കയറിയത്
പട്ന : ഗംഗാ നദിയിൽ ബോട്ട് മുങ്ങി 21 പേർ മരിച്ചു. ബിഹാർ തലസ്ഥാനമായ പാറ്റ്നയില്‍ വൈകീട്ട് ആറിനാണ് സംഭവം മകരസംക്രാന്തിയോടനുബന്ധിച്ച് നടന്ന പട്ടംപറത്തല്‍ ഉത്സവത്തിനുശേഷം സബല്‍പൂരില്‍നിന്ന് പട്നയിലെ റാണിഗട്ടിലേക്ക് പോയവരാണ് അപകടത്തില്‍പെട്ടത്. ഏഴുപേരെ രക്ഷപ്പെടുത്തി പട്ന മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. 12 പേരെ കാണാതായതിനാല്‍ മരണസംഖ്യ ഉയരാനിടയുണ്ട്. അമിതമായി യാത്രക്കാര്‍ കയറിയതാണ് ബോട്ട് മുങ്ങാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. 25 പേര്‍ കയറാവുന്ന ബോട്ടില്‍ ഇരട്ടിയോളം യാത്രക്കാരുണ്ടായിരുന്നു. വൈകീട്ട് 5.45നാണ് ദുരന്തമുണ്ടായത്. 40 യാത്രക്കാരുമായിപ്പോയ ബോട്ടാണ് നദിയിൽ മുങ്ങിയത്. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. ഉത്സവത്തോടനുബന്ധിച്ച് സൗജന്യമായി സര്‍വിസ് നടത്തുകയായിരുന്നു. തണുപ്പായതിനാല്‍ രാത്രിക്ക് മുമ്പേ അക്കരെ കടക്കാന്‍ ധിറുതികൂട്ടിയവര്‍ കൂട്ടത്തോടെ ബോട്ടില്‍ കയറിപ്പറ്റുകയായിരുന്നു. മൃതദേഹങ്ങള്‍ക്കായും അപകടത്തില്‍പെട്ട മറ്റുള്ളവര്‍ക്കായും തെരച്ചില്‍ തുടരുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ദുരന്തനിവാരണ വിഭാഗം പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രത്യയ് അമൃത്, ഡി.ഐ.ജി ഷാലിന്‍, പട്ന ജില്ല കലക്ടര്‍ കുമാര്‍ അഗര്‍വാള്‍ എന്നിവര്‍ സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അപകടത്തില്‍പെട്ടവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരവും പ്രഖ്യാപിച്ചു. 75000 പേരാണ് മകരസംക്രാന്തി ആഘോഷങ്ങള്‍ക്ക് എത്തിയിരുന്നത്. കരയോടടുത്തപ്പോഴാണ് അപകടമുണ്ടായത്. അതിനാൽ കൂടുതൽ ആളുകളെ രക്ഷപ്പെടുത്താനായി. നിരവധിയാളുകൾ നീന്തി രക്ഷപ്പെട്ടു. പരിക്കേറ്റവര്‍ പറ്റ്ന മെഡിക്കൽ കോളേജിൽ ചിത്സയിലാണ്. ഇരുട്ടായതിനാൽ രക്ഷാപ്രവര്‍ത്തനം തുടക്കത്തിൽ മന്ദഗതിയിലായിരുന്നു. ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകളുടെ സംയുക്ത നേതൃത്വം എത്തിയതോടെ രക്ഷാപ്രവര്‍ത്തനം വേഗത്തിലായി. അപകടത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.