25 വയസിനുള്ളില്‍ ആണുങ്ങളും പെണ്ണുങ്ങളും വിവാഹിതര്‍ ആകണം എന്ന്‍ താമരശ്ശേരി രൂപത

കോഴിക്കോട് :  25 വയസിനുള്ളില്‍ ആണുങ്ങളും പെണ്ണുങ്ങളും വിവാഹിതര്‍ ആകണം എന്ന്‍ താമരശ്ശേരി രൂപത. വിവാഹം നീട്ടിവെയ്ക്കുന്നത് കാരണം അവിവാഹിതരുടെ എണ്ണം കൂടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ്  രൂപതയ്ക്ക് കീഴിലുള്ളവര്‍ക്ക് ഇപ്പോള്‍  വിവാഹപ്രായം നിശ്ചയിച്ചിരിക്കുന്നത്. രൂപതയിലെ എപ്പാര്‍ക്കിയില്‍ അസംബ്ലിയുടെ പശ്ചാത്തലത്തില്‍ പുറത്തിറക്കിയ സര്‍ക്കുലറിലാണ് വിവാഹപ്രായം സംബന്ധിച്ച ബിഷപ്പിന്റെ നിര്‍ദ്ദേശമുള്ളത്. പുരുഷന്മാര്‍ 25 വയസിന് മുന്‍പും, സ്ത്രീകള്‍ 23 വയസിന് മുന്‍പും വിവാഹ കഴിക്കണമെന്നാണ് ബിഷപ്പ് റെമിജിയൂസ് ഇഞ്ചിനാനിയലിന്റെ നിര്‍ദ്ദേശം. വിവാഹാഘോഷങ്ങള്‍ ലളിതമാക്കാനും ബിഷപ്പ് നിര്‍ദ്ദേശിക്കുന്നു. വിവാഹം നീട്ടിവെയ്ക്കുന്നതിനാല്‍ ധാരാളം പേര്‍ അവിവാഹിതരായി നില്‍ക്കുന്നുണ്ടെന്നും, അവിവാഹിതരായ പുരുഷന്മാരുടെ എണ്ണം വര്‍ധിക്കുകയാണെന്നും ബിഷപ്പിന്റെ സര്‍ക്കുലറിലുണ്ട്. വിവാഹം കഴിക്കാന്‍ വൈകുന്നത് ദമ്പതികളുടെ ബന്ധത്തിലും കുട്ടികളുടെ വളര്‍ച്ചയിലും കുടുംബ ബന്ധത്തിലും വിപരീത സാഹചര്യങ്ങള്‍ സൃഷ്ടിക്കുമെന്നും സര്‍ക്കുലര്‍ പറയുന്നുഇതുകൂടാതെ രൂപതയ്ക്ക് കീഴിലുള്ള വിവാഹങ്ങളില്‍ ആഢംബരം ഒഴിവാക്കണമെന്നും, ബ്രൈഡ് മെയ്ഡ്, ഫഌവര്‍ ഗേള്‍ തുടങ്ങിയവയും ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. വിവാഹാഘോഷങ്ങളുടെ ഭാഗമായി രൂപതയ്ക്ക് കീഴിലുള്ള വിശ്വാസികള്‍ക്കിടയില്‍ ആഡംബരം വര്‍ധിക്കുന്നുണ്ട്. . വിവാഹത്തിലെ ആഡംബരങ്ങള്‍ ഒഴിവാക്കാനുള്ള ബിഷപ്പിന്റെ നിര്‍ദ്ദേശം സ്വാഗതാര്‍ഹമാണെങ്കിലും, വിവാഹ പ്രായം നിശ്ചയിച്ച തീരുമാനത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.