ഇസ്താംബുള്‍ നിശാക്ലബില്‍ 39 പേരെ വെടിവെച്ചുകൊലപ്പെടുത്തിയ മുഖ്യപ്രതി പിടിയില്‍


ഇസ്താംബുള്‍: പുതുവത്സരാഘോഷത്തിനിടെ തുര്‍ക്കിയിലെ നിശാക്ലബില്‍ ആക്രമണം നടത്തിയ കേസിലെ മുഖ്യപ്രതി പിടിയിലായതായി റിപ്പോര്‍ട്ട്. തുര്‍ക്കിയിലെ പ്രാദേശിക മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടത്. ഉസ്‌ബെക് പൗരനായ അബ്ദുള്‍ഗാദിര്‍ മഷാരിപോവ് എന്നയാളാണ് പിടിയിലായത്. പ്രതിയെ പൊലീസ് പിടികൂടിയതിന്റെ ചിത്രവും പുറത്തുവിട്ടിട്ടുണ്ട്.

പുതുവത്സരാഘോഷത്തിനിടെ ഇസ്താംബുളിലെ നിശാക്ലബില്‍ സാന്താക്ലോസിന്റെ വേഷത്തിലെത്തിയ അക്രമി നടത്തിയ വെടിവപ്പില്‍ രണ്ട് ഇന്ത്യക്കാരടക്കം 39 പേരാണ് കൊല്ലപ്പെട്ടത്. 40 ഓളം പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ 27 പേര്‍ വിദേശികളായിരുന്നു. ഒര്‍ട്ടാക്കോയ് മേഖലയിലെ റെയ്‌ന നിശാക്ലബിലാണ് പ്രാദേശിക സമയം പുലര്‍ച്ചെ 1.30 ഓടെ ആക്രമണമുണ്ടായത്. സാന്താക്ലോസിന്റെ വേഷം ധരിച്ചെത്തിയ ആള്‍ ക്ലബില്‍ കയറിയ ഉടന്‍ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്തം പിന്നീട് ഐഎസ് ഏറ്റെടുത്തിരുന്നു.

കൂട്ടക്കൊലയ്ക്ക് ശേഷം പാര്‍പ്പിട മേഖലയില്‍ ഒളിച്ചിരുന്ന ഇയാളെ പോലീസ് നടത്തിയ റെയ്ഡില്‍ പിടികൂടുകയായിരുന്നു. കെട്ടിടസമുച്ചയത്തില്‍ നിന്നും അക്രമിയെ പോലീസ് പിടികൂടുമ്പോള്‍ ഇയാളോടൊപ്പം നാല് വയസുള്ള മകനും ഉണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. കിര്‍ഗിസിലെ ഇസ്താംബുള്‍ മേഖലയിലുള്ള ഈ കെട്ടിടസമുച്ചയത്തില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു അക്രമി. ഇയാളുടെ മകന്‍ പോലീസ് സംരക്ഷണയിലാണ്.

അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ അക്രമിയെക്കുറിച്ച് ആശയക്കുഴപ്പമുണ്ടായിരുന്നെങ്കിലും ഏഷ്യയിലെ ഐഎസ് സെല്ലിലുള്ള 34 കാരനായ ഉസ്‌ബെക് പൗരനാണ് ആക്രമണത്തിനു പിന്നിലെന്ന് പോലീസ് തിരിച്ചറിഞ്ഞിരുന്നു. അബ്ദുള്‍ഗാദിര്‍ മഷാരിപോവ് സിറിയയിലെ ഐഎസ് കേന്ദ്രത്തില്‍വച്ച് വിദഗ്ദ്ധ പരിശീലനം നേടിയ ആളാണ്.

ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട ഇയാള്‍ രണ്ടാഴ്ചയോളം പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിയുകയായിരുന്നു. മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെട്ടെ അഞ്ച് പേര്‍ ആക്രമണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളോടൊപ്പം നാലുപേരെക്കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.