ഇറ്റലിയിൽ മഞ്ഞുമല ഹോട്ടലിനു മുകളിൽ ഇടിഞ്ഞ് വീണ് നിരവധി മരണം; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു


റോം: മഞ്ഞുമലയിടിഞ്ഞ് വീണ് ഇറ്റലിയിലെ ഹോട്ടലില്‍ നിരവധി പേര്‍ മരിച്ചു. ബുധനാഴ്ചയുണ്ടായ ഭൂകമ്പത്തെ തുടര്‍ന്നാണ് മഞ്ഞുമലയിടിഞ്ഞതെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. അബ്രുസോ മേഖലയിലെ ഗ്രാന്‍ സാസോ പര്‍വതത്തിന് സമീപത്തുള്ള ഹോട്ടലിലേക്ക് എത്തുന്നതിനായി രാത്രി മുഴുവന്‍ രക്ഷാപ്രവര്‍ത്തകര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു.

നിരവധിപേര്‍ മരിച്ചിട്ടുണ്ടെന്ന് മൗണ്ടന്‍ റെസ്‌ക്യൂ ടീം തലവന്‍ അന്റോണിയോ ക്രെസെറ്റോ പറഞ്ഞു. അപകടം നടക്കുന്ന സമയത്ത് 30 ഓളം പേര്‍ ഹോട്ടലിലുണ്ടായിരുന്നു. മേല്‍ക്കൂര പകുതി തകര്‍ന്നുവീണതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ എമര്‍ജന്‍സി സര്‍വീസിനെ വിവരമറിയിക്കുകയായിരുന്നു. എന്നാല്‍ ശീതക്കാറ്റിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ക്ക് അപകടം നടന്ന സ്ഥലത്ത് എത്താനായില്ല. വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ നാലു മണിയോടെയാണ് ആദ്യ സംഘം അപകടം നടന്ന സ്ഥലത്ത് എത്തിയതെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.