കണ്ണൂരില്‍ ബി ജെ പി ഹര്‍ത്താല്‍ ; കലോല്‍സവത്തിനു എത്തിയവര്‍ പെരുവഴിയില്‍
കഴിഞ്ഞ ദിവസം വരെ കലോല്‍സവ വാര്‍ത്തകള്‍ കൊണ്ട് നിറഞ്ഞ കണ്ണൂരില്‍ ഇന്ന് ശ്മശാന മൂകത. ബി ജെ പി പ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്ന്‍ കണ്ണൂരില്‍ ബി ജെ പി ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്. ഇതാണ് കലോല്‍സവത്തിനു എത്തിയവര്‍ക്ക് പാരയായി മാറിയത്. കലോത്സവത്തെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട് എന്ന് പാര്‍ട്ടി പറയുന്നുണ്ട് എങ്കിലും വാഹനങ്ങള്‍ തടഞ്ഞത് കാരണം പലര്‍ക്കും കലോല്‍സവ വേദികളില്‍ എത്തിപ്പെടാന്‍ സാധിച്ചിട്ടില്ല. അണ്ടല്ലൂര്‍ മുല്ലപ്രം ക്ഷേത്രത്തിന് സമീപത്തെ ചോമന്‍റവിടെ വീട്ടില്‍ എഴുത്താന്‍ സന്തോഷ് (52) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 11.30ഓടെയാണ് ആയുധങ്ങളുമായത്തെിയ ഒരുസംഘം വീട്ടിലത്തെി ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ ഉടന്‍ തലശ്ശേരിയിലെ ആശുപത്രിയിലത്തെിച്ചെങ്കിലും മരിച്ചു. കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ധര്‍മടം പഞ്ചായത്തിലേക്ക് സന്തോഷ് ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. കലോത്സവത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട് എന്ന് പ്രഖ്യാപിച്ചിട്ടുണ്ട് എങ്കിലും കടകൾ അടഞ്ഞുകിടക്കുന്നതും വാഹനങ്ങള്‍ തടയുന്നതും മത്സരാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരെ ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വരെ ജനസാഗരമായിരുന്ന ഒട്ടുമിക്ക വേദികളും ഇന്ന് കാലിയാണ്. രാവിലെ കെഎസ്ആർടിസി സർവീസ് നടത്തിയിരുന്നുവെങ്കിലും പിന്നീട് മുടങ്ങി. ജില്ലയുടെ പലഭാഗങ്ങളിലും ഹർത്താലനുകൂലികൾ വാഹനങ്ങൾ തടഞ്ഞു.