ഫേസ്ബുക്ക് പോസ്റ്റിന്‍റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ കൊന്ന ശേഷം ആത്മഹത്യ ചെയ്തു

പൂനൈ : സോഷ്യല്‍ മീഡിയകാരണം നമ്മുടെ നാട്ടില്‍ ഇപ്പോള്‍ ധാരാളം പ്രശ്നങ്ങള്‍ ഉണ്ട്. സാമൂഹിക പ്രശ്നങ്ങള്‍ മാത്രമല്ല വ്യക്തികളെയും , കുടുംബങ്ങളെയും ബാധിക്കുന്ന തരത്തിലുള്ള കുഴപ്പങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഉണ്ടാക്കി വിടുന്നുണ്ട്. അത്തരത്തില്‍ ഒരു സംഭവമാണ് പൂനൈയില്‍ ഉണ്ടായത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. രാഖേഷ് ഗാങുര്‍ദെ(34), ഭാര്യ സൊണാലി (28) എന്നിവരെയാണ് സ്വന്തം അപാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാഗേഷ് കയറില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. സൊണാലിയെ കട്ടിലില്‍ മരിച്ചു കിടക്കുന്ന നിലയിലാണ് കണ്ടത്. സൊണാലിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളുമായി ബന്ധപ്പെട്ട് ദമ്പതിമാര്‍ നിരന്തരം വഴക്കു കൂടാറുണ്ടായിരുന്നു. ദാമ്പത്യ ജീവിതത്തെ കുറിച്ചും കുടുംബാസൂത്രണവുമായി ബന്ധപ്പെട്ടും സൊണാലി ഫെയ്സ്ബുക്കില്‍ പോസ്റ്റുകളിടാറുണ്ടായിരുന്നു. കുടുംബാസൂത്രണത്തെ കുറിച്ച് ഫെയ്സ്ബുക്ക് ഗ്രൂപ്പുകളില്‍ സജീവചര്‍ച്ചകളിലും ഇവര്‍ പങ്കെടുത്തിരുന്നു. ഇത് രാഗേഷിനെ ചൊടിപ്പിച്ചിരുന്നു. ഇതാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന രാഗേഷ് എം ബി എ ക്കാരനാണ്. കമ്പ്യൂട്ടര്‍ എന്‍ജിനിയര്‍ ജോലിയില്‍ നിന്ന് അടുത്തിടെയാണ് സൊണാലി രാജിവെച്ചത്‌. നാല് വര്‍ഷം മുമ്പാണ് രാഗേഷിന്റെയും സൊണാലിയുടെയും വിവാഹം കഴിഞ്ഞത്.