സോണിയ ഗാന്ധിക്ക് പകരം റായ്ബറേലിയില്‍ പ്രിയങ്ക മത്സരിച്ചേക്കും


ഉത്തരപ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ ഇടപ്പെട്ട് ദേശീയ രാഷ്ട്രീയത്തിൽ ചർച്ചയായ പ്രിയങ്ക ഗാന്ധി 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ റായ്ബറേലിയില്‍ സോണിയ ഗാന്ധിക്ക് പകരക്കാരിയാവുമെന്നു റിപ്പോർട്ട്. സജീവ രാഷ്ട്രിയത്തിലേയ്ക്ക് അവർ വരുന്നുവെന്ന സൂചനകള്‍ ഈ ദിവസങ്ങളിൽ ശക്തമാവുകയാണ്.

അനാരോഗ്യത്തെ തുടര്‍ന്ന് രാഷ്ട്രീയപരമായ ചുമതലകളില്‍നിന്ന് സോണിയ ഗാന്ധി സ്വയം പിന്‍മാറുന്നതിനിടെയാണ് പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനമെന്നതും ശ്രദ്ധേയമാണ്. വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃനിരയില്‍ ഗൗരവമായ ചര്‍ച്ചകളാണ് നടക്കുന്നതെന്നാണ് സൂചനകൾ.

തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി അമേഠിയിലും റായ്ബറേലിയിലും 1999 മുതല്‍ ചുക്കാന്‍ പിടിച്ചുള്ള പരിചയസമ്പത്ത് ഉണ്ടെന്നതിനാൽ കോൺഗ്രസിന്റെ ഒരുക്കുകോട്ടയായ റായ്ബറേലിയില്‍ പ്രിയങ്കക്ക് സാധ്യതകൾ ഏറെയെന്നാണ് നിരീക്ഷകരുടെ പക്ഷം. മുലായം-അഖിലേഷ് നാടകത്തിന് തിരശീല വീഴുമ്പോള്‍ ഉത്തര്‍പ്രദേശിലെ സീറ്റ് വിഭജന ചര്‍ച്ചയില്‍ ആദ്യം മുതല്‍ അഹമ്മദ് പട്ടേല്‍, ഗുലാം നബി ആസാദ്, പ്രിയങ്ക ഗാന്ധി എന്നിവരാണ് സജീവമായി പ്രവര്‍ത്തിച്ചതെന്നാണ് വിവരം. ഇതിന്റെ ക്രഡിറ്റ് പ്രിയങ്കാ ഗാന്ധിക്ക് മാത്രമായാണ് നേതാക്കള്‍ നല്‍കിയത് എന്നതും ഈ വാർത്തകൾക്ക് ബലമേകുന്നു.

ഇതുവരെ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നേരിട്ട് ഇടപെടാതിരുന്ന പ്രിയങ്ക ഗാന്ധി നിര്‍ണായക ഘട്ടത്തിലാണ് എസ്.പി നേതാക്കളുമായി മധ്യസ്ഥ ചര്‍ച്ചക്ക് ഒരുങ്ങിയത്. അഖിലേഷിന്റെ ഭാര്യ ഡിംപിളും പ്രിയങ്കയും തമ്മിലുള്ള അടുപ്പവും സഖ്യരൂപവത്കരണത്തില്‍ നിര്‍ണായകമായതായി ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

2004 മുതല്‍ മല്‍സരിച്ച മൂന്നുതവണയും സോണിയ ഗാന്ധി വിജയിച്ച മണ്ഡലമാന് റായ്ബറേലി. അമേഠിയില്‍നിന്നാണ് സോണിയ ഗാന്ധി ആദ്യമായി ലോക്‌സഭയിലെത്തുന്നത്. പിന്നീട് രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തോടെ കുടുംബ മണ്ഡലമായ റായ്ബറേലിയില്‍ നിന്നായി സോണിയയുടെ മത്സരം.