എ ടി എമ്മില്‍ നിന്നും പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധി ഒഴിവാക്കി

ന്യൂഡൽഹി :  ഫെബ്രുവരി ഒന്ന് മുതല്‍ എ ടി എമ്മില്‍ നിന്നും പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധി ഒഴിവാക്കി. ആഴ്​ചയിൽ എ.ടി.എമ്മിൽ നിന്നും പിൻവലിക്കാവുന്ന 24,000 രൂപ ഇനി ഒറ്റത്തവണ പിൻവലിക്കാം. തീരുമാനം റിസർവ്​ ബാങ്ക്​ പ്രഖ്യാപിച്ചു. എന്നാൽ ആഴ്​ചയിൽ പിൻവലിക്കാവുന്ന തുകയുടെ പരിധി വർധിപ്പിച്ചിട്ടില്ല. ആഴ്​ചയിൽ 24000 രൂപ എന്നത്​ നിലനിർത്തി. ​ഒരു ദിവസം 10,000 രൂപയാണ്​ നിലവിൽ പിൻവലിക്കാൻ സാധിക്കുന്നത്​.കറൻറ് അക്കൗണ്ടുകളിലെ എ.ടി.എം പിൻവലിക്കൽ പരിധി ഫെബ്രുവരി ഒന്ന് മുതൽ ഉണ്ടാകില്ലെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. കറൻറ് അക്കൗണ്ടുകൾ, ക്യാഷ് ക്രെഡിറ്റ് അക്കൗണ്ടുകൾ, ഓവർഡ്രാഫ്റ്റ് അക്കൗണ്ടുകൾ എന്നിവയിൽ നിന്ന് പണം പിൻവലിക്കാനുള്ള പരിധി പിൻവലിക്കും. സേവിങ്സ് ബാങ്ക് അക്കൗണ്ടുകളിൽ നിശ്ചയിച്ചിട്ടുള്ള പിൻവലിക്കൽ പരിധികൾ തുടരുമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി. ഭാവിയിൽ സേവിങ്സ് അക്കൗണ്ട് നിയന്ത്രണം പിൻവലിച്ചേക്കാമെന്നും ആർബിഐ അറിയിച്ചു. പണം പിൻവലിക്കൽ സംബന്ധിച്ച് തീരുമാനമെടുക്കാൻ ബാങ്കുകൾക്ക് അധികാരമുണ്ടായിരിക്കുമെന്നും ആർ.ബി.ഐ വ്യക്തമാക്കി.നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 1000, 500 നോട്ടുകള്‍ നിരോധിച്ച് പ്രഖ്യാപനം നടത്തിയത്. പിന്നീട് പ്രതിദിനം പിന്‍വലിക്കാവുന്ന സംഖ്യ 2000 രൂപയാക്കി നിശ്ചയിച്ചു. അത് 2500 ഉം 4000 വും ആക്കി ഉയര്‍ത്തിയതിന് ശേഷമാണ് 10000 വും 24000 വും ആക്കിയത്. ഇപ്പോള്‍ നിയന്ത്രണം എടുത്തുകളഞ്ഞു. പുതിയ 1000 രൂപ നോട്ടുകള്‍ ഉടന്‍ ഇറങ്ങുമെന്ന് റിപോര്‍ട്ടുകളുണ്ട്. കള്ളപ്പണം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ നോട്ട് നിരോധനം പ്രഖ്യാപിച്ചത്. നവംബര്‍ എട്ടിന് ഇക്കാര്യം പ്രഖ്യാപിക്കുമ്പോള്‍ 50 ദിവസത്തിനകം എല്ലാം ശരിയാവുമെന്നായിരുന്നു മോദി പറഞ്ഞത്. എന്നാല്‍ എല്ലാം പാളി. ഡിസംബര്‍ 30 കഴിഞ്ഞിട്ടും നോട്ട് ലഭിക്കാതെ ജനം വലയുന്ന കാഴ്ചയാണ് കണ്ടത്. പുറത്തിറക്കിയ നോട്ടിന്റെ 97 ശതമാനം ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന് ധനമന്ത്രാലയം അറിയിക്കുകയും ചെയ്തു. അപ്പോള്‍ കള്ളപ്പണമെവിടെയെന്നാണ് പ്രതിപക്ഷം ചോദിച്ചത്.