ഇ.അഹമ്മദ് എം.പി അന്തരിച്ചു


ന്യൂഡല്‍ഹി: ലോക്‌സഭാംഗവും ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് ദേശീയ അധ്യക്ഷനുമായ ഇ.അഹമ്മദ് (78) അന്തരിച്ചു. പാര്‍ലമെന്റിനുള്ളില്‍ കുഴഞ്ഞു വീണതിനെത്തുടര്‍ന്ന് അദ്ദേഹം ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തിലായിരുന്നു.

ഡല്‍ഹിയിലെ ആര്‍എംഎല്‍ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചതെന്ന വിവരം ബന്ധുക്കളാണ് സ്ഥിരീകരിച്ചത്. ഇതിനിടെ ഇ.അഹമ്മദിനെ ആശുപത്രിയില്‍ സന്ദര്‍ശിക്കുന്നതിന് വിലക്കിയ ആശുപത്രി അധികൃതരുടെ നടപടിക്കെതിരെ മക്കള്‍ രംഗത്ത് വന്നിരുന്നു. മക്കളായ നസീര്‍ അഹമ്മദ്, റഈസ് അഹമ്മദ്, മരുമകന്‍ ബാബു ഷെര്‍ഷാദ് എന്നിവര്‍ ചൊവ്വാഴ്ച രാത്രി 12നുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അധികൃതരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

വൈദ്യശാസ്ത്രത്തില്‍ അവഗാഹമുള്ള മക്കളോട് പിതാവിന് എന്ത് ചികിത്സയാണ് നല്‍കുന്നതെന്ന് വ്യക്തമാക്കാന്‍ അധികൃതര്‍ ഇനിയും തയാറായിട്ടില്ല. ആശുപത്രിയിലത്തെിയ തങ്ങളോട് മനുഷ്യത്വ രഹിതമായാണ് പെരുമാറിയത്. മക്കളുടെ അനുവാദമില്ലാതെ ചികിത്സ തീരുമാനിക്കാന്‍ ഇവര്‍ക്ക് ആരാണ് അധികാരം നല്‍കിയത്. ഇക്കാര്യത്തില്‍ എന്താണ് ഇവര്‍ക്ക് മറച്ചുവെക്കാനുള്ളതെന്നും അവര്‍ ചോദിച്ചു. ട്രോമാകെയര്‍ ഐ.സി.യുവിലേക്ക് ഇ. അഹമ്മദിനെ മാറ്റിയ ശേഷം, ഒരു നോട്ടീസ് പതിച്ച് പ്രവേശനം വിലക്കിയിരിക്കുകയാണെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി കുറ്റപ്പെടുത്തി. അകത്ത് എന്താണ് നടക്കുന്നതെന്ന് വ്യക്തമാക്കേണ്ടതുണ്ട്. സോണിയ ഗാന്ധി, അഹമ്മദ് പട്ടേല്‍, ഗുലാം നബി ആസാദ് തുടങ്ങിയ പ്രമുഖരെപ്പോലും വിലക്കിയത് ദുരൂഹമാമെണെന്നും അദ്ദേഹം പറഞ്ഞു. പി.വി അബ്ദുല്‍ വഹാബ് എം.പിയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.