എച്ച് വൺ ബി വിസയ്ക്ക് നിയന്ത്രണം ; ട്രംപിന്റെ തീരുമാനങ്ങള്‍ ഇന്ത്യക്കും തിരിച്ചടിയാകുന്നു

ന്യൂയോര്‍ക്ക് : ട്രംപിന്റെ നയങ്ങള്‍ ഇന്ത്യക്കും ദോഷകരമായി മാറി തുടങ്ങി. ഇന്ത്യന്‍ ഐടി രംഗത്തിനു തന്നെ തിരിച്ചടിയാകുന്ന തീരുമാനമാണ് ട്രംപ് ഗവണ്‍മെന്‍റ് ഇപ്പോള്‍ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നത്. അമേരിക്കയിൽ എച്ച് വൺ ബി വിസയ്ക്ക് നിയന്ത്രണം വരുത്തനാണ് തിരക്കിട്ട ആലോചന നടക്കുന്നത്. ഇത് സംബന്ധിച്ച ബിൽ യുഎസ് ജനപ്രതിനിധി സഭ പരിഗണിക്കുകയാണ്. എച്ച് വൺ ബി വിസയിലെത്തുന്നവരുടെ കുറഞ്ഞ ശമ്പളത്തിന്‍റെ പരിധി ഇരട്ടിയിലധികമാക്കുന്നതടക്കമുള്ള വ്യവസ്ഥകളാണ് ബില്ലിലുള്ളത്. ഇന്ത്യക്കാരടക്കം വിദേശത്ത് നിന്നുള്ള തൊഴിലാളികളുടെ ജോലിസാധ്യതയെ ബാധിക്കുന്നതാണ് നീക്കം. നിലവിൽ 60,000 ഡോളറാണ് എച്ച്‍ വൺ ബി വിസയിൽ അമേരിക്കയിലെത്തുന്നവർക്ക് നൽകേണ്ട ചുരുങ്ങിയ വേതനം. ഇത് ഇരട്ടിയിലേറെ കൂട്ടി 1,30,000ആക്കണമെന്നാണ് ബില്ലിലെ നിർദ്ദേശം. ഇതോടെ സ്വദേശികൾക്ക് നൽകുന്നതിനേക്കാൾ കുറഞ്ഞ വേതനത്തിൽ വിദേശികളെ ജോലിക്കെടുക്കാൻ കഴിയുന്ന സാഹചര്യം ഇല്ലാതാകും. ഐടി കമ്പനികളില്‍ ജോലി തേടുന്ന ഇന്ത്യക്കാരടക്കമുള്ളവരെ ദോഷകരമായി ബാധിക്കുന്നതാണ് നീക്കം. കഴിഞ്ഞ വര്‍ഷം മാത്രം 86 ശതമാനം എച്ച്.വണ്‍.ബി വിസ അമേരിക്കയില്‍ അനുവദിച്ചിരുന്നു. ഏഴ് മുസ്ലീം രാജ്യങ്ങളിലെ അഭയാര്‍ഥികള്‍ക്ക് അമേരിക്കയില്‍ പ്രവേശനം നിഷേധിച്ചതിന് പിന്നാലെ ഇന്ത്യയില്‍ നിന്നുള്ള ടെക്നിക്കല്‍ വിസക്കാരെയും നിയന്ത്രിക്കാന്‍ ട്രംപ് പദ്ധതിയിടുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് എച്ച്.വണ്‍.ബി വിസക്കാരുടെ ശമ്പളം ഇരട്ടിയാക്കി ഇന്ന് യു.എസ് പാര്‍ലമെന്റില്‍ ബില്ല് അവതരിപ്പിച്ചത്.