ഇനി യു ഡി എഫിലേയ്ക്ക് ഇല്ല എന്ന് കെ എം മാണി ; ബിജെപിയോട് അന്ധമായ എതിർപ്പില്ല
കോട്ടയം : ഇനി ഒരിക്കലും യു.ഡി.എഫിലേക്ക് മടങ്ങിപ്പോക്ക് ഉണ്ടാകില്ലെന്നും അതേസമയം ബിജെപിയോട് അന്ധമായ എതിർപ്പില്ല എന്നും കേരള കോൺഗ്രസ് ചെയർമാൻ കെ.എം മാണി. പ്രാദേശിക പാർട്ടികളുടെ കൂട്ടായ്മ രൂപീകരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും മാണി പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ സംസ്ഥാന പാർട്ടികളുടെ യോജിപ്പ് ഏറെ അനിവാര്യമാണ്. മുസ്‍ലിം ലീഗുൾപ്പെടെ ഇക്കാര്യത്തിൽ സഹകരിക്കുന്നത് നന്നായിരിക്കും. കോണ്‍ഗ്രസ് എന്ന നുകത്തിന് കീഴിലായിരുന്നു കേരള കോണ്‍ഗ്രസ് ഇതുവരെ. അതിനാൽ ആ പാർട്ടിയുടെ ദൗർബല്യങ്ങൾ കേരള കോണ്‍ഗ്രസിനെയും ബാധിച്ചു. കേരള കോണ്‍ഗ്രസ് വിജയത്തിലേക്ക് കുതിക്കുമ്പോൾ പരാജയപ്പെട്ട യു.ഡി.എഫിലേക്ക് മടങ്ങിപ്പോകുന്നതിനെക്കുറിച്ച് എന്തിന് ചിന്തിക്കണമെന്നും മാണി ചോദിച്ചു.എൽ.ഡി.എഫ് ഭരണത്തിൽ സംസ്ഥാനത്ത് വികസനം അന്യമായിരിക്കുന്നു. കർഷകർക്ക് വേണ്ടി ഒന്നും ചെയ്യാത്ത സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും കെ.എം.മാണി ആരോപിച്ചു. അതേസമയം ബിജെപിയോട് അന്ധമായ എതിർപ്പില്ല. നോട്ടുപിൻവലിക്കൽ കള്ളപ്പണം പുറത്തുകൊണ്ടുവരാന്‍ സഹായകരമാണെങ്കിലും നടപ്പാക്കിയതിൽ വീഴ്ചപറ്റി. ശക്തമായ രാഷ്ട്രീയ പ്രസ്ഥാനമാണങ്കിലും കേരളത്തിൽ കാര്യമായ മുന്നേറ്റമുണ്ടാൻ ബിജെപിക്ക് കഴിയുമെന്ന് തോന്നുന്നില്ല. നയങ്ങളും പരിപാടികളുമായി യോജിക്കുന്ന ആളുകളുമായി ഭാവിയിൽ സഹകരിക്കുമെന്നും ആരെങ്കിലും വാതിൽ തുറന്നാൽ ഒാടിക്കയറുന്നവരല്ല കേരളാ കോൺഗ്രസെന്നും മാണി വ്യക്തമാക്കി.