മെക്സിക്കന്‍ പ്രസിഡന്റ്നു ഭീഷണി ; ആസ്ട്രേലിയന്‍ പ്രധാനമന്ത്രിക്ക് ശകാരം ; ട്രംപ് തനിസ്വഭാവം കാണിച്ചു തുടങ്ങി
ഭരണം തുടങ്ങി കുറച്ചു ദിവസങ്ങള്‍ കൊണ്ട് തന്നെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്‍റെ തനി സ്വരൂപം പുറത്തെടുത്തു കഴിഞ്ഞു. ഇലക്ഷന്‍ പ്രചാരണ സമയത്ത് തന്നെ താന്‍ എങ്ങനെയുള്ള പ്രസിഡന്റ് ആയിരിക്കുമെന്ന് ലോകത്തിനു ട്രംപ് വ്യക്തമായ മുന്നറിയിപ്പ് നല്‍കിയതാണ്. എന്നാല്‍ ഭൂരിഭാഗം അമേരിക്കക്കാരും ട്രംപിന്റെ അതേ മനോഭാവം ഉള്ളവര്‍ ആയതുകൊണ്ട് ട്രംപ് ജയിച്ചുകയറുകയും ചെയ്തു. വന്ന ഉടന്‍ മുസ്ലീംങ്ങള്‍ക്കും ; അഭയാര്‍ത്ഥികള്‍ക്കും പണികൊടുത്ത ട്രംപ് മറ്റു രാജ്യങ്ങളിലെ ഭരണാധികാരികളെയും വെറുതെ വിടുന്നില്ല എന്നാണു വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഫോണിലൂടെ മറ്റു രാജ്യങ്ങളില്‍ ഉള്ളവരെ ഭീഷണിപ്പെടുത്തുക , ശകാരിക്കുക എന്നിങ്ങനെയുള്ള കലാപരിപാടികള്‍ ട്രംപ് നടത്തിവരികയാണ്. മെക്‌സിക്കന്‍ അതിര്‍ത്തിയിലേക്ക് സൈന്യത്തെ അയക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി. മെക്‌സിക്കന്‍ പ്രസിഡന്റ് എറിക് പെന നീറ്റോയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിനിടെയാണ് ട്രംപ് ഭീഷണി മുഴക്കിയത്. കുടിയേറ്റക്കാരെയും, മയക്കുമരുന്ന് കടത്തും തടയാന്‍ മെക്‌സിക്കോയ്ക്ക് സാധിക്കുന്നില്ലെങ്കില്‍ ഞങ്ങളുടെ സൈന്യം അതിന് തയ്യാറാണെന്ന് ട്രംപ് നീറ്റോയെ അറിയച്ചതായി എ.പി റിപ്പോര്‍ട്ട് ചെയ്തു.
കൂടാതെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്ളിനെ ട്രംപ് ഫോണില്‍ വിളിച്ച് ശകാരിച്ചതായും വാര്‍ത്തകള്‍ ഉണ്ട്. നേരത്തെ ഓസ്‌ട്രേലിയന്‍ തടങ്കലിലുള്ള 1250 കുടിയേറ്റക്കാരെ കൈമാറുന്നതുമായി ബന്ധപ്പെട്ട കരാറില്‍ അമേരിക്കയും ഓസ്‌ട്രേലിയയും ഒപ്പ് വച്ചിരുന്നു. ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ക്കുള്ള നീക്കങ്ങള്‍ ടേണ്‍ബുള്ള് നടത്തിയതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ഒരു മണിക്കൂര്‍ നിശ്ചയിച്ച സംഭാഷണം 25മിനുട്ട് കഴിയും മുമ്പ് ട്രംപ് ഫോണ്‍ കട്ട് ചെയ്ത് അവസാനിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. താന്‍ ഇന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുതിനടക്കം നാല് രാഷ്ട്രത്തലവന്‍മാരുമായി സംസാരിച്ചിരുന്നുവെന്നും അതില്‍ ഏറ്റവും മോശപ്പെട്ട സംഭാഷണമാണ് ഇതെന്നുമായിരുന്നു ട്രംപ് ടേണ്‍ബുള്ളിനോട് പറഞ്ഞത്. എന്നാല്‍ ഓസ്‌ട്രേലിയന്‍ പ്രസിഡന്റ് ഇക്കാര്യത്തിൽ പ്രതികരിക്കാന്‍ തയ്യാറായില്ല.