ഡ്രജർ വാങ്ങിയതിൽ നഷ്ടം: ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നു മാറ്റണമെന്ന് നിർദ്ദേശം


തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രജർ വാങ്ങിയതിൽ 15 കോടിരൂപ നഷ്ടം വരുത്തിയെന്ന റിപ്പോർട്ടിൽ അദ്ദേഹത്തെ തൽസ്ഥാനത്തുനിന്നു മാറ്റി നിർത്തണമെന്ന് ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ്. ധനവകുപ്പ് സെക്രട്ടറി കെ.എ.എബ്രഹാമാണ് ഇത് സംബന്ധിച്ച റിപ്പോർട്ടു നൽകിയത്. ജേക്കബ് തോമസിനെതിരെ ഉന്നതതല അന്വേഷണത്തിനും ശുപാർശ ചെയ്തു. വിഷയത്തിൽ പ്രോസിക്യൂഷൻ ഡയറക്ടറുടെ അഭിപ്രായം തേടാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി.

വിജിലൻസ് ഡയറക്ടർക്കെതിരായ അന്വേഷണമായതിനാൽ അതിനു തടസ്സമുണ്ടാകാതിരിക്കാൻ തക്കവണ്ണമുള്ള സംവിധാനം വേണം. ധനവകുപ്പിന്റെ ഈ അന്വേഷണത്തെ തടസ്സപ്പെടുത്താൻ ശ്രമിച്ച വകുപ്പിലെയും മറ്റുവകുപ്പുകളിലെയും ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. ആഗോള ടെൻഡർ വിളിക്കാതെ വിദേശകമ്പനിയിൽനിന്ന് ഡ്രജർ വാങ്ങാൻ നടത്തിയ ഇടപാടിൽ 15 കോടി രൂപ നഷ്ടം വന്നുവെന്നതാണ് റിപ്പോർട്ട്.

കഴിഞ്ഞ വർഷം ഡിസംബർ മൂന്നിനാണ് കെ.എം.എബ്രഹാം ചീഫ് സെക്രട്ടറിക്കു റിപ്പോർട്ട് നൽകിയത്. തുടർന്ന് ജേക്കബ് തോമസിനെ മാറ്റണമെന്ന ശുപാർശ പ്രകാരം റിപ്പോർട്ട് ധനമന്ത്രാലയത്തിനു കൈമാറി. ഫയലിൽ മുഖ്യമന്ത്രി തീരുമാനമെടുക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് കുറിച്ചു. കഴിഞ്ഞ വർഷം അവസാനത്തോടെ ഫയൽ മുഖ്യമന്ത്രിയുടെ പക്കലെത്തുകയും ചെയ്തു. പക്ഷേ അതിൽ നടപടി സ്വീകരിക്കാതിരുന്ന മുഖ്യമന്ത്രി, കഴിഞ്ഞദിവസം പ്രോസിക്യൂഷൻ ഡയറക്ടറുടെ അഭിപ്രായം തേടാൻ നിർദേശിക്കുകയായിരുന്നു.