പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് പീഡിപ്പിച്ച ശേഷം വിറ്റു ; സംഭവം ഡല്‍ഹിയില്‍

വീണ്ടും പീഡനവാര്‍ത്തകളില്‍ നിറഞ്ഞു രാജ്യതലസ്ഥാനം. ഇത്തവണ വഴിതെറ്റി വന്ന പതിനഞ്ചുകാരിയെയാണ് ഭാര്യയുടെ ഒത്താശയോടെ ഭര്‍ത്താവ് പീഡിപ്പിച്ച ശേഷം മറ്റൊരാള്‍ക്ക് വിറ്റത്. അബദ്ധത്തില്‍ ട്രെയിന്‍ മാറിക്കയറി രാജ്യതലസ്ഥാനത്തെത്തിയ ഛത്തീസ്ഗഡ് സ്വദേശിനിയാണ് പീഡനത്തിന് ഇരയായത്. ഹുമയൂണ്‍ ശവകുടീരത്തിനടത്തുള്ള ഒഴിഞ്ഞ പ്രദേശത്തു നിന്നാണ് പെണ്‍കുട്ടിയെ പോലീസ് രക്ഷപ്പെടുത്തിയത്. പ്രതികളില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ ചെയ്യുകയായിരുന്നു. കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനാണ് പെണ്‍കുട്ടി 2016 ഒക്ടോബറില്‍ നാട്ടില്‍ നിന്നു യാത്ര തിരിച്ചത്. എന്നാല്‍ ട്രെയിന്‍ മാറിക്കയറിയതാണ് ദുരന്തത്തില്‍ കലാശിച്ചതെന്നു പോലിസ് അറിയിച്ചു. ദില്ലി സ്‌റ്റേഷനിലെത്തിയ പെണ്‍കുട്ടി ഇവിടെ ബോട്ടില്‍ വെള്ളം വില്‍ക്കുക യായിരുന്ന അര്‍മാന്‍ എന്നയാളുടെ അരികിലെത്തി സഹായം ചോദിച്ചു. പെണ്‍കുട്ടിയെ ഇയാള്‍ സറെയ് കലെ ഖാന്‍ എന്ന സ്ഥലത്തേക്കു കൂട്ടിക്കൊണ്ടുപോയി. അവിടെ വച്ച് സ്വന്തം ഭാര്യ ഹഷീനയുടെ ഒത്താശയോടു കൂടി ഇയാള്‍ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുകയായിരുന്നു.
പീഡനത്തിനു ശേഷം അര്‍മാനും ഭാര്യയും പെണ്‍കുട്ടിയെ 70,000 രൂപയ്ക്ക് പപ്പു യാദവ് എന്നയാള്‍ക്കു വില്‍ക്കുകയായിരുന്നു. വിവാഹം കഴിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇയാള്‍ പെണ്‍ക്കുട്ടിയെ വാങ്ങിയത്. എന്നാല്‍ പിന്നീട് രണ്ടുമാസം പപ്പുയാദവിനോടൊപ്പം താമസിച്ച പെണ്‍കുട്ടിയെ ഇയാള്‍ വീട്ടില്‍ നിന്നും ഇറക്കിവിട്ടു. തുടര്‍ന്ന്‍ വീണ്ടും ഹസ്രത്ത് നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ പെണ്‍കുട്ടിയെ അര്‍മാന്റെ ഭാര്യ വീണ്ടും കണ്ടുമുട്ടുകയും മയക്കു പാനീയം നല്‍കി അര്‍ധ ബോധാവസ്ഥയിലാക്കിയ ശേഷം മുഹമ്മദ് അഫ്രോസ് എന്ന 22കാരന് കൈമാറുകയും ചെയ്തു. ഇയാള്‍ റെയില്‍വേ സ്റ്റേഷനടുത്തു വച്ച് പെണ്‍കുട്ടിയെ വീണ്ടും പീഡനത്തിരയാക്കിയതായും പോലീസ് പറയുന്നു. അവിടെ നിന്നും രക്ഷപ്പെട്ട് ഓടിയെ പെണ്‍കുട്ടിയെ റെയില്‍വേ സ്റ്റേഷനില്‍ വച്ച് യാത്രക്കാരില്‍ ഒരാളാണ് രക്ഷിച്ചത്. ഇയാള്‍ ഉടന്‍ പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. പെണ്‍കുട്ടി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സറെയ് കാലെ ഖാന്‍, ഫരീദാബാദ് എന്നീവിടങ്ങളില്‍ നടത്തിയ റെയ്ഡിലാണ് മുഹമ്മദ് അഫ്രോസ്, പപ്പു യാദവ് എന്നിവര്‍ അറസ്റ്റിലാവുന്നത്. മുഖ്യപ്രതികളായ അര്‍മാന്‍, ഹഷീന എന്നിവരെ പിടികൂടാനായിട്ടില്ല. രക്ഷപ്പെടുത്തിയ പെണ്‍കുട്ടിയെ ദില്ലിയെ എയിംസില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയ്ക്കുശേഷം ഇവിടെ പെണ്‍കുട്ടിക്ക് കൗണ്‍സിലിങും നല്‍കി വരികയാണെന്നു പോലിസ് അറിയിച്ചു.