പല്ല് തേച്ചില്ല: ‘അമ്മ നാലുവയസുകാരി മകളെ ചവിട്ടിക്കൊന്നു


വാഷിങ്ടണ്‍: ഹൃദയഭേദകമായ ഈ വാര്‍ത്ത അമേരിക്കയില്‍ നിന്നാണ്. ഐറിസ് ഹെര്‍നാന്‍ഡസ് റിവാസ് എന്ന ഇരുപതുകാരി ‘അമ്മ നാലുവയസുകാരിയായ മകള്‍ നോഹെലി അലക്സാന്‍ഡ്രയെ ചവിട്ടിക്കൊന്നതായി റിപ്പോര്‍ട്ട്. പല്ലു തേക്കാത്തതിന് അമ്മ മകളെ കിരാതമായ കൊലപ്പെടുത്തിയത്.

അമേരിക്കയിലെ മേരിലാന്‍ഡിലെ ഗെയ്തേര്‍സ്ബര്‍ഗിലാണ് സംഭവം. മകള്‍ ബാത്ത്ടബ്ബില്‍ അനക്കമില്ലാതെ കിടക്കുന്നത് കണ്ട ഇവര്‍ തന്നെയാണ് പൊലീസിനെ വിവരമറിയിച്ചത്. കുളിക്കാനെന്ന് പറഞ്ഞ് പോയ നോഹെലിയെ 15 മിനിട്ട് കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് പോയി നോക്കിയപ്പോള്‍ കുട്ടി ബാത്ത്ടബ്ബില്‍ വീണുകിടക്കുന്നതാണ് കണ്ടതെന്ന് ഐറിസ് പൊലീസിനോട് പറഞ്ഞു. സമീപത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ശരീരത്തില്‍ നിരവധി മുറിവുകളുണ്ടായിരുന്നെന്നും തലയ്ക്ക് ക്ഷതമേറ്റിട്ടുണ്ടെന്നും കണ്ടെത്തിയതിനെ തുടര്‍ന്ന് നോഹെലിയെ വാഷിങ്ടണിലെ നാഷണല്‍ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

പല്ല് തേക്കാത്തതിനെത്തുടര്‍ന്നുണ്ടായ ദേഷ്യത്തില്‍ താന്‍ കുട്ടിയുടെ വയറില്‍ ചവിട്ടിയതായി ഐറിസ് പിന്നീട് പൊലീസിനോട് സമ്മതിച്ചു. ചവിട്ടേറ്റതിന്റെ ആഘാതത്തില്‍ ചുമരില്‍ തലയിടിച്ചാണ് കുട്ടി വീണതെന്നും അവര്‍ കുറ്റസമ്മതം നടത്തി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മകളെ ബെല്‍റ്റുപയോഗിച്ച് അടിച്ചെന്നും അവര്‍ പൊലീസിനോട് വെളിപ്പെടുത്തി.