ശശികലയ്ക്ക് എതിരെ പാര്‍ട്ടിയില്‍ കലാപം; ജയലളിതയെ ആരോ പിടിച്ചുതള്ളി, അവര്‍ താഴെ വീണു

ചെന്നൈ: ശശികലയുടെ മുഖ്യമന്ത്രി മോഹങ്ങള്‍ക്ക് വിലങ്ങുതടി ഇട്ടുകൊണ്ട് അവര്‍ക്കെതിരെ കൂടുതല്‍ നേതാക്കള്‍ രംഗത്ത്. അതുപോലെ ജയലളിതയുടെ മരണം സ്വാഭവികമല്ലെന്നും അവരെ മരണത്തിലേക്ക് തള്ളി വിടുകയായിരുന്നെന്നും ആരോപിച്ച് തമിഴ്‌നാട് മുന്‍ സ്പീക്കര്‍ പി.എച്ച് പാണ്ഡ്യനും രംഗത്തെത്തി. ജയലളിയുടെ മരണത്തില്‍ ശശികലയുടെ പങ്ക് അന്വേഷണ വിധേയമാക്കണം. ജയലളിത ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട സപ്തംബര്‍ 22ന് പോയസ് ഗാര്‍ഡനില്‍ വാക്കുതര്‍ക്കമുണ്ടായി. ജയലളിതയെ ആരോ പിടിച്ചുതള്ളി, അവര്‍ താഴെ വീണു. ഈ സംഭവത്തില്‍ ജയലളിത ഏറെ ദു:ഖിതയായിരുന്നുവെന്നും പാണ്ഡ്യന്‍ ചെന്നൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശശികല തന്നെ ഇല്ലാതാക്കുമെന്ന് ജയലളിതക്ക് ഭയമുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ശശികലയുടെ കടന്നുവരവിനെ ശക്തമായി എതിര്‍ക്കുന്നു. എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറിയാകുന്നതിനോ തമിഴ്‌നാട് മുഖ്യമന്ത്രിയാവുന്നതിനോയുള്ള ഗുണമേന്മ ശശികലക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 2011 ല്‍ പാര്‍ട്ടിയില്‍ നിന്നും വീട്ടില്‍ നിന്നും ശശികലയെ ജയലളിതയെ പുറത്താക്കിയതാണ്. അങ്ങനെയൊരാള്‍ പിന്നീട് മാപ്പ് പറഞ്ഞ് കൂടെക്കൂടുകയും ഇപ്പോള്‍ മുഖ്യമന്ത്രിയാകാന്‍ ഒരുങ്ങുന്നതും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ജയലളിതയുടെ വിയോഗദുഖത്തില്‍ നിന്നും ഇപ്പോഴും മുക്തനാകാന്‍ തനിക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ ശശികല തമിഴ്‌നാട് മുഖ്യമന്ത്രിയാകുന്നത് താന്‍ ഇഷ്ട്ടപെടുന്നില്ല എന്ന്! ഒരിക്കല്‍ ജയലളിത തന്നോട് പറഞ്ഞെന്ന് അവകാശപ്പെട്ട് എ.ഐ.എ.ഡി.എം.കെ നേതാവ് മനോജ് പാണ്ഡ്യനും വെളിപ്പെടുത്തി. അതേസമയം പ്രതിഛായ ഭംഗമുള്ള ശശികല മുഖ്യമന്ത്രിയാകുന്നതിനെ പരിഹസിച്ച് തമിഴ് യുവതയും രംഗത്തെത്തിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലും കടുത്ത വിമര്‍ശമാണ് ശശികലയുടെ സ്ഥാനാരോഹണത്തിനെതിരെ വ്യാപിക്കുന്നത്.