കളം മാറ്റി ചവിട്ടി ശശികല ; വിശ്വസ്തന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക്?

പനീര്‍ശെല്‍വം പക്ഷത്തേക്ക് നേതാക്കള്‍ ഓരോരുത്തരായി നീങ്ങുന്ന പശ്ചാത്തലത്തില്‍ കളം മാറ്റിചവിട്ടി ചിന്നമ്മ ശശികല. കൂടുതല്‍ നേതാക്കള്‍ കാവല്‍ മുഖ്യമന്ത്രി പന്നീര്‍ശെല്‍വത്തിന്റെ പക്ഷേത്തേക്ക് മാറുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയാകാനുള്ള നീക്കം തത്കാലത്തേക്ക് മാറ്റിവെച്ച് തന്റെ വിശ്വസ്തരില്‍ ഒരാളെ നിയമസഭാ കക്ഷി നേതാവാക്കാനും ശശികല ആലോചിക്കുന്നതായി റിപ്പോര്‍ട്ട് ഉണ്ട്.മുതിര്‍ന്നനേതാക്കളും ശശികലയുടെ വിശ്വസ്തരുമായ കെ.എ സെങ്കോട്ടയ്യനോ, എടപ്പാടി പളനിസ്വാമിയോ ഇവരില്‍ ഒരാളെ മുഖ്യമന്ത്രിയായി നിയോഗിക്കുന്നതിനെക്കുറിച്ചാണ് ശശികല ക്യാമ്പില്‍ തിരക്കിട്ട കൂടിയാലോചന നടക്കുന്നത്. ചിന്നമ്മയെ മുഖ്യമന്ത്രിയാക്കാനായി അവസാനശ്വാസം വരെയും പോരാടുമെന്ന് യോഗത്തിന് ശേഷം പുറത്തുവന്ന സെങ്കോട്ടയ്യന്‍ പ്രതികരിച്ചു. ഗവര്‍ണറെ കാണാന്‍ സമയം ചോദിച്ചിട്ടും അദ്ദേഹം നല്‍കിയിട്ടില്ല. അതേസമയം എം.എല്‍.എമാര്‍ക്കൊപ്പം രാജ്ഭവന് മുന്നിലെത്തി ശശികല ഉപവാസം നടത്താന്‍ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ രാജ്ഭവന്റെ സുരക്ഷ ശക്തമാക്കി. ഗവര്‍ണര്‍ക്ക് തീരുമാനമെടുക്കാന്‍ ഒരു ദിവസം കൂടി അനുവദിക്കുന്നെന്നും അതിന് ശേഷവും തീരുമാനമെടുത്തില്ലെങ്കില്‍ തുടര്‍നടപടികളുമായി മുന്നോട്ട് പോകുമെന്നും നേരത്തെ ശശികല പറഞ്ഞിരുന്നു. ജനാധിപത്യത്തെ മാനിച്ചാണ് സംയമനം പാലിക്കുന്നത്. ഉചിതമായ സമയത്ത് വേണ്ടത് ചെയ്യുമെന്നും ശശികല പറഞ്ഞു.