രണ്ടു മാസത്തിനിടെ തമിഴ്‌നാട്ടിലെ മൂന്നാമത്തെ മുഖ്യമന്ത്രിയായി എടപ്പാടി പളനിസാമി അധികാരമേറ്റു


ചെന്നൈ: രാഷ്ട്രീയ നാടകങ്ങൾക്ക് വിരാമമിട്ടു അണ്ണാ ഡിഎംകെ നിയമസഭാകക്ഷി നേതാവ് എടപ്പാടി പളനിസാമി തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു സത്യവാചകം ചൊല്ലിക്കൊടുത്തു. കഴിഞ്ഞ രണ്ടു മാസത്തിനിടെ തമിഴ്‌നാട്ടിലെ മൂന്നാമത്തെ മുഖ്യമന്ത്രിയാണ് പളനിസാമി.

15 ദിവസത്തിനകം പളനിസാമി സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.നിലവിലെ സാഹചര്യത്തില്‍ എടപ്പാടി പളനിസാമിക്ക് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കുമെന്ന് ഉറപ്പാണ്. എംഎല്‍എമാര്‍ക്കെല്ലാം പാര്‍ട്ടി വിപ്പ് നല്‍കിയാല്‍ ആര്‍ക്കും എതിര്‍വോട്ട് ചെയ്യാന്‍ സാധിക്കില്ല. ആരെങ്കിലും എതിര്‍വോട്ട് ചെയ്താല്‍ അവര്‍ അയോഗ്യരാകും. 124 എംഎല്‍എമാരുടെ പിന്തുണയാണ് എടപ്പാടി പളനിസാമി അവകാശപ്പെടുന്നത്. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ വേണ്ടത് 117 വോട്ടുകളാണ്. 135 എംഎല്‍എമാരാണ് നിയമസഭയില്‍ അണ്ണാ ഡിഎംകെയ്ക്ക് ഉള്ളത്. ഇതില്‍ പനീര്‍സെല്‍വം ഉള്‍പ്പെടെ 11 പേരാണ് വിമതപക്ഷത്തുള്ളത്. പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതിനാല്‍ പനീര്‍സെല്‍വത്തിനു വിപ്പ് ബാധകമാകുകയില്ല.