സത്യത്തില്‍ ഈ അംബാനിക്ക് എന്താ പ്രശ്നം ; ജിയോ സേവനങ്ങള്‍ ഒരു വര്‍ഷത്തേയ്ക്ക് കൂടി നീട്ടി ; മറ്റു കമ്പനികള്‍ക്ക് ഇരുട്ടടി

മുംബൈ : സൌജന്യം വാരിക്കോരി തന്നു ഇന്ത്യക്കാരെ ശ്വാസംമുട്ടിക്കുകയാണ് അംബാനിയും ജിയോ കമ്പനിയും. മറ്റുള്ള ടെലികോം കമ്പനികളുടെ നെഞ്ചില്‍ ആണിയടിച്ച അംബാനി അത് കുറച്ചുകൂടി ആഴത്തില്‍ അടിചിറക്കുകയാണ് ഇപ്പോള്‍. കാര്യം വേറൊന്നുമല്ല അംബാനി ജിയോയുടെ അണ്‍ലിമിറ്റഡ് ന്യൂഇയര്‍ ഓഫര്‍ ഒരു വര്‍ഷത്തേക്കു കൂടി നീട്ടി. 2017 മാര്‍ച്ച്‌ 31 വരെ കാലാവധിയുണ്ടായിരുന്ന ഓഫറാണ് 2018 മാര്‍ച്ച്‌ 31 വരെ നീട്ടിയത്. ജിയോ പ്രൈം വരിക്കാര്‍ക്കെല്ലാം അണ്‍ലിമിറ്റഡ് സര്‍വീസ് ലഭിക്കും. അതേസമയം, ഈ അണ്‍ലിമിറ്റഡ് സേവനം ലഭിക്കാന്‍ മാസം 303 രൂപ പാക്ക് ആക്ടിവേറ്റ് ചെയ്യേണ്ടതുണ്ട്. അതായത് ദിവസം കേവലം 10 രൂപയ്ക്ക് അണ്‍ലിമിറ്റഡ് സേവനം ഉപയോഗിക്കാം. നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് 99 രൂപ നല്‍കി ജിയോയുടെ ഈ ഒാഫര്‍ ഒരു വര്‍ഷത്തേക്ക് നീട്ടാവുന്നതാണ്. പുതിയ ഉപഭോക്താക്കള്‍ക്കും ഇപ്രകാരം ഇതിന്റെ ഭാഗമാകാം. അണ്‍ലിമിറ്റഡ് ഒാഫര്‍ ലഭിക്കണമെങ്കില്‍ മാസം 303 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുക തന്നെ വേണം. ഇന്ത്യന്‍ ടെലികോം രംഗത്ത് റിലയന്‍സ് ജിയോ സൃഷ്ടിച്ച ഓളത്തില്‍ പിടിച്ചുനില്‍ക്കാന്‍ മറ്റു കമ്പനികള്‍ പെടാപ്പാടു പെടുമ്ബോഴാണ് ഓഫര്‍ നീട്ടാനുള്ള തീരുമാനം. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് വരിക്കാര്‍ക്ക് ഏറെ ആഹ്ലാദകരമായ ഈ വാര്‍ത്ത പ്രഖ്യാപിച്ചത്. 100 മില്യണ്‍ ഉപഭോക്താക്കളെന്ന ചരിത്രനേട്ടവും റിലയന്‍സ് ജിയോ പിന്നിട്ടതായി മുകേഷ് അംബാനി പറഞ്ഞു. കേവലം 170 ദിവസങ്ങള്‍ കൊണ്ടാണ് ഈ നേട്ടം. ജിയോ സമൂഹത്തിലെ ഓരോരുത്തര്‍ക്കും അവകാശപ്പെട്ടതാണ് ഈ നേട്ടമെന്ന് മുകേഷ് അംബാനി വ്യക്തമാക്കി. സുസ്ഥിര തൊഴില്‍ദിനങ്ങള്‍ ഉറപ്പാക്കാന്‍ റിലയന്‍സ് ജിയോക്ക് സാധിച്ചിട്ടുണ്ടെന്നും ഇത് രാജ്യത്തിനാകെ നേട്ടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജിയോയെ വിശ്വസിക്കുന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും മുകേഷ് അംബാനി പറഞ്ഞു. ഇതുവരെ 1,71,000 കോടി രൂപ നിക്ഷേപമിറക്കിക്കഴിഞ്ഞ ജിയോയുടെ നെറ്റ്വര്‍ക്ക് വിപുലപ്പെടുത്താന്‍ 30,000 കോടി രൂപ കൂടി ചെലവഴിക്കാന്‍ ഏതാനും ദിവസം മുന്‍പ് കമ്പനി തീരുമാനമെടുത്തിരുന്നു. കൂടാതെ ആയിരം രൂപയ്ക്ക് ജിയോയുടെ 4ജി ഫോണുകള്‍ ഉടന്‍ തന്നെ വിപണിയില്‍ എത്താന്‍ തയ്യാറെടുക്കുകയാണ്.