ഫെയിസ്ബുക്ക് ഫാന്‍സിനെ കയ്യിലെടുത്ത് പുതിയ കോഴിക്കോട് കളക്ടര്‍ ‘ജോസേട്ടന്‍’


കോഴിക്കോട്: നവ മാധ്യമങ്ങളിലെ താരമായിരുന്ന മുന്‍ കോഴിക്കോട് ‘കളക്ടര്‍ ബ്രോയ്ക്ക്’ പകരം പുതുതായി നിയമിതനായ ജില്ലാ കലക്ടര്‍ യു.വി ജോസും ഫെയിസ്ബുക്കിന്റെ സാധ്യതകളുമായി രംഗത്ത്. ദയവ് ചെയ്ത് എന്ന കലക്ടര്‍ബ്രോയെന്ന് വിളിക്കാതെ ജോസേട്ടാ എന്ന് വിളിച്ചോളൂവെന്ന അഭ്യര്‍ത്ഥനയുമായി പുതിയ ജില്ലാ കലക്ടര്‍ യു.വി ജോസ് അറിയിച്ചിരിക്കുന്നത്. കലക്ടര്‍ ബ്രോയെന്നത് പ്രശാന്തിന് തന്നെ കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

നല്ലതാണേല്‍ ചങ്ക് പറിച്ച് കട്ടക്ക്, മറിച്ചാണേല്‍ വലിച്ച് കീറി തേച്ചൊടിക്കും എന്ന മറ്റൊരു ഫെയിസ്ബുക്ക് സുഹൃത്തിന്റെ കമന്റിന് ഇതൊരു ഭയങ്കര വെല്ലുവിളിയാണെന്നും വെല്ലുവിളി ഏറ്റെടുക്കുകയാണെന്ന മുന്നറിയിപ്പും പുതിയ കലക്ടര്‍ ആരാധകര്‍ക്ക് നല്‍കുന്നുണ്ട്. ഞാനെന്നും കോഴിക്കോട്ടെ സാധാരണക്കാരുടെ കൂടെയുണ്ടാവുമെന്നു നിങ്ങളുടെയൊക്കെ ചങ്കും കൊണ്ടേ ഞാന്‍ പോകൂവെന്നും യു.വി ജോസ് ആരാധകരോട് പറയുന്നു.

കളക്ടര്‍ ‘ജോസേട്ടന്റെ’ പോസ്റ്റിന്റെ പൂര്‍ണരൂപം

‘ഹൊ! എന്തൊക്കെ പോസ്റ്റിംങ്ങ് ആയിരുന്നു.
ആദ്യം വായിച്ചപ്പോള്‍ ശരിക്കും പേടിച്ചു പോയി.
നിങ്ങളുടെ സ്വന്തം ”കലക്ടര്‍ ബ്രോ’ യെ മാറ്റി, പകരം ‘വില്ലന്‍ ” റോളില്‍ വന്നയാളെപ്പോലെയാണല്ലോ എല്ലാവരും കാണുന്നത് എന്നോര്‍ത്ത് അല്പം വിഷമം തോന്നി.
എന്നാല്‍ രണ്ടാമതൊരാവര്‍ത്തികൂടി വായിച്ചപ്പോള്‍ ശരിക്കും മനസ്സിലായി, നിങ്ങളിലൊരാള്‍ ഞാനായിരുന്നെങ്കിലും ഇങ്ങനെയൊക്കെയെ പ്രതികരിക്കുമായിരുന്നുവെന്ന്. നിങ്ങള്‍ അത്രമാത്രമാണ് നിങ്ങളോടൊപ്പം എന്റെയും കൂടി പ്രിയപ്പെട്ട പ്രശാന്തിനെ സ്‌നേഹിച്ചിരുന്നതെന്ന്.
Noufal പറഞ്ഞത് പോലെ ഇവിടെയുള്ളവരുടെ മനസ്സ് പാകപ്പെടാന്‍ കുറച്ച് സമയമെടുക്കുമെന്ന്…
എനിക്കേറ്റവും ഇഷ്ടപ്പെട്ടത് Nousheer ന്റെ പോസ്റ്റാണ്. ‘ നല്ലതാണേല്‍ ചങ്ക് പറിച്ച് കട്ടക്ക്, മറിച്ചാണേല്‍ വലിച്ച് കീറി തേച്ചൊടിക്കും’
ഇതൊരു ഭയങ്കര വെല്ലുവിളി തന്നെ…..
എന്തായാലും ഞാന്‍ തോല്‍ക്കാനില്ല….
അല്ലെങ്കിലും ഇത്രയും പേര്‍ കൂടെ നില്‍ക്കുമ്പോള്‍ എങ്ങിനെയാ തോല്‍ക്കാനാവുക.
ഞാനീ വെല്ലുവിളി സന്തോഷത്തോടെ സ്വീകരിക്കുന്നു….
‘എന്നാ ഒന്ന് നോക്കിക്കളയാം…’
പിന്നെ ഒരു കാര്യം Sajith അടക്കം പലരും ചോദിച്ചു ‘കലക്ടര്‍ ബ്രോ’ എന്നു വിളിച്ചോട്ടേയെന്ന്…
അത് വേണ്ട….
അത് ശരിയുമല്ല….
ആ പേര് പ്രശാന്തിന് മാത്രം കൊടുക്കുക….
അതിന് പകരം ആരോ പറഞ്ഞത് പോലെ ‘ജോസേട്ടാ ‘… യെന്ന് വിളിച്ചോളൂ… മറ്റെന്തെങ്കിലും നിങ്ങള്‍ക്ക് തോന്നിയാല്‍ അതുമാകാം. എന്തായാലും bro വേണ്ട.
ഞാനെന്നും കോഴിക്കോട്ടെ സാധാരണക്കാരുടെയൊപ്പമുണ്ടാകും…
നൗഷീറെ… നിങ്ങളുടെയൊക്കെ ചങ്കും കൊണ്ടേ ഞാന്‍ പോകൂ….
പിന്നെ മാറ്റിപ്പറയല്ലേ….’