ദിലീപിനെ ചോദ്യം ചെയ്തിട്ടില്ല ; പ്രചരിക്കുന്നത് വ്യാജവാര്‍ത്തകള്‍ : പോലീസ്
കൊച്ചി : നടിയെ ആക്രമിച്ച സംഭവത്തിൽ നടൻ ദിലീപിനെ ചോദ്യം ചെയ്തിട്ടില്ല എന്നും ചോദ്യം ചെയ്തു എന്ന നിലയില്‍ പുറത്തുവന്ന വാര്‍ത്തകള്‍ വ്യാജമാണ് എന്നും ആലുവ എസ്.പി എ.വി. ജോർജ്. കേസന്വേഷണവുമായി ബന്ധപ്പെട്ട് ദിലീപിനെ ചോദ്യം ചെയ്തതായി വാർത്തകൾ വന്നതിന്‍റെ പശ്ചാത്തലത്തിലാണ് എസ്.പിയുടെ വിശദീകരണം. എവിടെ നിന്നാണ് ഇത്തരം വാർത്തകൾ വന്നതെന്ന് അറിയില്ല. കേസിൽ അന്വേഷണം നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും ആലുവ എസ്.പി വ്യക്തമാക്കി.സംഭവത്തിൽ ദിലീപിനെ ചോദ്യം ചെയ്തെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിലും ചില ഒാൺലൈൻ മാധ്യമങ്ങളിലും വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിന് മറുപടിയുമായി ദിലീപ് ഇന്നലെ രംഗത്തെത്തിയിരുന്നു. സംഭവത്തിൽ തനിക്ക് പങ്കുണ്ടെന്ന തരത്തിലുള്ള വാർത്തകൾ വിശ്വസിക്കുന്നവരോട് ആലുവയിലെ താമസക്കാരനെന്ന നിലയിൽ തന്നെ പറയെട്ട ആ നടൻ താനല്ല. തെൻറ വീട്ടിൽ ഒരു പോലീസുകാരനും മഫ്തിയിലോ അല്ലാതെയോ വന്നിട്ടില്ല, ഫോണിൽ പോലും ബന്ധപ്പെട്ടിട്ടില്ല എന്ന് മാത്രമല്ല തെൻറ അറിവിൽ ആലുവയിലെ മറ്റൊരു നടെൻറ വീട്ടിലും പോലീസ് ഇത് വരെ അന്വേഷിച്ചിട്ടില്ലെന്നും ദിലീപ് ഫേസ്ബുക്കിൽ കുറിച്ചിരുന്നു. നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ദിലീപിനെ അവഹേളിക്കുന്നത് നിര്‍ത്തണമെന്ന് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയഷന്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. മനപൂര്‍വം ഒരാളെ ലക്ഷ്യംവെച്ച് ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞിരുന്നു. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ചില നടന്‍മാരെയും പോലീസ് ചോദ്യം ചെയ്യുന്നു എന്ന വിവരം പുറത്തുവന്നതോടെയാണ് ദിലീപിനെ ചോദ്യം ചെയ്‌തെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ വന്നത്.