ശാരീരികമായ ചില വ്യത്യാസങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ അവളും ഞാനും ഒന്നു തന്നെ എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുക: ബോബി ജോസ് കട്ടികാട്


സ്ത്രീയും പുരുഷനും തുല്യരാണെന്നും, ഈ തുല്യത അംഗീകരിക്കുമ്പോഴേ അതിക്രമങ്ങള്‍ അവസാനിക്കുവെന്നു പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ ഫാ. ബോബി ജോസ് കട്ടികാട് (കപ്പൂച്ചിന്‍). ശാരീരികമായ ചില വ്യത്യാസങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ അവളും ഞാനും ഒന്നു തന്നെ എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുന്ന അന്നേ നമ്മുടെ സമൂഹം ആരോഗ്യകരമായ ഒന്നായിത്തീരൂ, അദ്ദേഹം പറയുന്നു.

അദ്ദേഹത്തിന്റെ പേരിലുള്ള പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

‘പിങ്ക് ബസ്സുകളും, കാറുകളും, പെട്രോളിങ്ങും, പൊതുവാഹനങ്ങളില്‍ പ്രത്യേക സീറ്റും,ഗേള്‍സ് സ്‌ക്കുളും, കോളേജുകളും, ലേഡീസ് ഓണ്‍ലി കമ്പാര്‍ട്ട്‌മെന്റുകളും ഒന്നുമല്ല സ്ത്രീകള്‍ക്ക് വേണ്ടത്. ഒരുപക്ഷേ,ആദ്യമൊക്കെ അവര്‍ക്കും അത് സൗകര്യമായി തോന്നിയേക്കാം.പക്ഷേ കാലക്രമത്തില്‍ ഇതൊക്കെ ആരോഗ്യമുള്ള ഒരു സമൂഹത്തിന്റെ രൂപപ്പെടലിന് വിഘാതമായിത്തീരും, തീര്‍ച്ച. വേണ്ടത് ആണ്‍കുട്ടികളും പെണ്‍ക്കുട്ടികളും ഒരുമിച്ച് വിദ്യ തേടുന്ന വിദ്യാലയങ്ങളാണ്.സ്ത്രീയും പുരുഷനും ഇടകലര്‍ന്ന് യാത്ര ചെയ്യുന്ന പൊതു വാഹനങ്ങളാണ്.സ്ത്രീക്കും പുരുഷനും ഒരു പോലെ പ്രവേശനമുള്ള ദേവാലയങ്ങളാണ്.ശാരീരികമായ ചില വ്യത്യാസങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ അവളും ഞാനും ഒന്നു തന്നെ എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുന്ന അന്നേ നമ്മുടെ സമൂഹം ആരോഗ്യകരമായ ഒന്നായിത്തീരൂ. ഒന്നു പരസ്പരം മിണ്ടുവാനും സൗഹൃദങ്ങള്‍ പങ്ക് വെക്കാനും അനുവാദമില്ലാത്ത സമൂഹത്തില്‍ വളരുന്ന ആണും പെണ്ണും ഒരുപോലെ അപകടകാരികളായിരിക്കും. തങ്ങള്‍ സമൂഹത്തിന്റെ പരസ്പരപൂരകങ്ങളായ ഘടകങ്ങളാണെന്നും, പരസ്പരം മത്സരിക്കേണ്ട വരല്ലെന്നും തിരിച്ചറിയുന്ന ഒരു കാലത്തേ നമ്മുടേത് ഒരാധുനിക സമൂഹമാകൂ. അല്ലാത്ത കാലത്തോളം കേരളം വിദ്യാഭ്യാസമുള്ള പ്രാകൃതര്‍ നിവസിക്കുന്ന ഒരിടമായി തന്നെ തുടരും…’