പള്‍സര്‍ സുനിയുടെ മെമ്മറി കാര്‍ഡും പെന്‍ ഡ്രൈവും കിട്ടി
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെത് എന്ന്‍ സംശയിക്കുന്ന മെമ്മറി കാര്‍ഡും പെന്‍ ഡ്രൈവും പോലീസിനു ലഭിച്ചു. നടിയെ ആക്രമിച്ചതിന് ശേഷം പള്‍സര്‍ സുനി എത്തിയ സുഹൃത്തിന്റെ വീട്ടില്‍ പോലീസ് നടത്തിയ റെയിഡിലാണ് ഇവ ലഭിച്ചത്. പള്‍സര്‍ സുനിയുടെ സുഹൃത്തായ പ്രിയേഷിന്റെ പൊന്നുരുന്നിയിലെ വീട്ടിലാണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടെ നിന്ന് മെമ്മറി കാർഡുകളും 3 സ്മാർട് ഫോണുകളും ഒരു ഐപാഡും പിടിച്ചെടുത്തു. വീടിന്റെ മതിലിന് സമീപത്ത് നിന്ന് ഒരു മൊബൈല്‍ ഫോണിന്റെ കവറും ലഭിച്ചിട്ടുണ്ട്. സംഭവത്തിന് ശേഷം മതില്‍ ചാടി കടന്നാണ് പള്‍സര്‍ സുനി പ്രിയേഷിന്റെ വീട്ടിലെത്തിയത്. ഈ വഴിയില്‍ നിന്നാണ് മൊബൈല്‍ കവര്‍ കിട്ടിയത്. കഴിഞ്ഞ ദിവസം പ്രിയേഷിനെ തൃപ്പുണിത്തറ പോലീസ് സ്‌റ്റേഷനില്‍ വെച്ച് തുടര്‍ച്ചയായി ചോദ്യം ചെയ്‌തെങ്കിലും സുനിയുമായി ബന്ധമില്ലെന്നായിരുന്നു മറുപടി. എന്നാല്‍ സംഭവദിവസം രാത്രി പ്രിയേഷിന്റെ വീട്ടിലെത്തിയതായി സുനി പോലീസിന് മൊഴി നല്‍കിയിരുന്നു. മൊബൈല്‍ ഫോണിലെ ദൃശ്യങ്ങള്‍ മറ്റ് മെമ്മറി കാര്‍ഡിലേക്കോ മറ്റോ മാറ്റിയിരിക്കാമെന്നാണ് സംശയിക്കുന്നത്. പിടിച്ചെടുത്ത മെമ്മറി കാര്‍ഡുകളും പെന്‍ഡ്രൈവും പരിശോധിച്ചാല്‍ മാത്രമേ ഇത് സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാകുകയുള്ളു. സംഭവത്തിന് ശേഷം തന്റെ മൊബൈല്‍ ഫോണ്‍ ഓടയില്‍ വലിച്ചെറിഞ്ഞു എന്നാണ് സുനി പോലീസിനോട് പറഞ്ഞത്.എന്നാല്‍ വലിച്ചെറിഞ്ഞു എന്ന്‍ പറയുന്ന സ്ഥലത്ത് പോലീസ് നടത്തിയ തിരച്ചിലില്‍ ഒന്നും തന്നെ ലഭിച്ചിരുന്നില്ല.അതേസമയം സംഭവത്തിലെ പ്രതികളുടെ തിരിച്ചറിയൽ പരേഡ് നടക്കുകയാണ്.ആലുവ മജിസ്ട്രേറ്റിന്റെ സാന്നിദ്ധ്യത്തിലാണ് തിരിച്ചറിയൽ പരേഡ് നടക്കുന്നത്. പ്രതികളായ മണികണ്ഠൻ, മാർട്ടിൻ, സലീം, പ്രദീപ് എന്നിവരുടെ തിരിച്ചറിയൽ പരേഡാണ് നടക്കുന്നത്.