കേസിലെയ്ക്ക് ആവശ്യമില്ലാത്തവരെ വലിച്ചിഴയ്ക്കരുത് എന്ന് മാധ്യമങ്ങളോട് പള്‍സര്‍ സുനി
കൊച്ചി : നടിയെ ആക്രമിച്ച കേസിലേക്ക് ആവശ്യമില്ലാതെ മറ്റുള്ളവരെ വലിച്ചിഴച്ച് ബുദ്ധിമുട്ടിക്കരുതെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി മാധ്യമങ്ങളോട്. കാക്കനാട് ജില്ലാ ജയിലില്‍ നിന്നും കോടതിയില്‍ തിരിച്ചറിയല്‍ പരേഡിന് കൊണ്ടുപോകുമ്പോഴാണ് മാധ്യമങ്ങളോട് സുനി ഇങ്ങനെ പറഞ്ഞത്. കേസിന്‍റെ പേരില്‍ ഇപ്പോൾ ഒരുപാട് ആള്‍ക്കാരെ ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കുകയാണെന്നും സുനി പറഞ്ഞു. ബുദ്ധിമുട്ടിക്കുന്നത് സിനിമാക്കാരെയാണോ എന്ന ചോദ്യത്തിന് അല്ല എന്നായിരുന്നു മറുപടി. നടിയോട് വ്യക്തിവൈരാഗ്യമില്ലെന്ന് പറഞ്ഞ സുനി ആരുടെ ക്വട്ടേഷനാണെന്ന ചോദ്യത്തിന് മറുപടി നല്‍കിയില്ല. താന്‍ എന്തു പറഞ്ഞാലും പൊലീസ് പറയുന്നത് അനുസരിച്ച് അല്ലേ കാര്യങ്ങള്‍ നടക്കുകയുള്ളൂവെന്നും സുനി പ്രതികരിച്ചു. അതേസമയം കേസില്‍ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. കേസിലെ മുഖ്യപ്രതി സുനില്‍ കുമാറിനെയും വിജീഷിനെയും എട്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. പത്ത് ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പോലീസിന്റെ ആവശ്യം. മാര്‍ച്ച് 5 വരെയാണ് കസ്റ്റഡി കാലാവധി. സംഭവത്തിലെ ഗൂഢാലോചന കണ്ടെത്തണമെന്ന് പോലീസ് പറയുന്നു. സുനിലിനെ നുണപരിശോധന നടത്തണമെന്നും പോലീസ് ആവശ്യപ്പെട്ടു. അക്രമം നടന്ന ദിവസത്തിലെ നഗരത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. മൊബൈല്‍ ഫോണ്‍ കണ്ടെത്തുന്നതിനാണിത്. കൊച്ചിയിലെ 3 സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ ആണ് പരിശോധിക്കുന്നത്. അതിനിടെ കേസില്‍ നിര്‍ണായക തെളിവാകേണ്ട, നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മൂന്ന് റസിഡന്‍സ് ഏരിയകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് വീണ്ടും പരിശോധിച്ചുവരികയാണ്.