35 ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറക്കാനൊരുങ്ങി സര്‍ക്കാര്‍: ഈ മാസം തന്നെ പുതിയ മദ്യനയം പ്രഖ്യാപിച്ചേക്കും


തിരുവനന്തപുരം: വിനോദസഞ്ചാരകേന്ദ്രങ്ങളിലെ 35 ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറക്കാന്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണയായതായി സൂചന. 35 ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറക്കാനും പ്രവര്‍ത്തന സമയം കൂട്ടാനുമാണ് തീരുമാനം. ഇതുസംബന്ധിച്ച ധാരണ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ രൂപപ്പെട്ടതായാണ് പുറത്തുവരുന്ന വിവരം. പ്രത്യേക ഇടതുമുന്നണി യോഗം ചേര്‍ന്നതിനുശേഷം ഈ മാസം തന്നെ പുതിയ മദ്യനയം പ്രഖ്യാപിക്കാനും നീക്കമുണ്ട്.

അതേസമയം വിഷയം എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്ത ശേഷം പ്രഖ്യാപിക്കുമെന്നാണ് സൂചന. കൂടാതെ മദ്യസല്‍ക്കാരത്തിനുള്ള ലൈസന്‍സ് ഫീസ് കുറയ്ക്കാനും തീരുമാനമായതായും റിപോര്‍ട്ടുണ്ട്. വിനോദസഞ്ചാര മേഖലയിലെ മാന്ദ്യം മറികടക്കുകയാണ് ലക്ഷ്യമെന്നും സിപിഐഎം പറയുന്നു. ഒരോ വര്‍ഷവും 10 ശതമാനം ചില്ലറ മദ്യവില്‍പ്പനശാലകള്‍ പൂട്ടാനുള്ള തീരുമാനവും പിന്‍വലിക്കും. കള്ളുഷാപ്പുകള്‍ പ്രോത്സാഹിപ്പിക്കാനും തീരുമാനമായി. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം മുന്നണിയിലെ മറ്റു കക്ഷികളുമായുള്ള ചര്‍ച്ചയ്ക്കുശേഷമേ നടക്കൂ.