ജനം കുടിക്കണമെന്ന് സര്‍ക്കാരിന് എന്താണ് ഇത്ര നിര്‍ബന്ധം; സര്‍ക്കാര്‍ നിലപാടിനെതിരേ സുധീരന്‍ രംഗത്ത്


തിരുവനന്തപുരം: മദ്യശാലകള്‍ക്ക് സുരക്ഷാകവചം തീര്‍ക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരേ കെ.പി.സി.സി അധ്യക്ഷന്‍ രംഗത്ത്. മദ്യനിരോധനം ടൂറിസം മേഖലയെ ബാധിക്കുന്നുവെന്ന സര്‍ക്കാരിന്റെ പ്രചാരണം തെറ്റാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ പറഞ്ഞു. പാതയോരത്തെ മദ്യശാലകള്‍ നീക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെ മറികടക്കാനുളള ശ്രമം ശരിയല്ലെന്നും സുധീരന്‍ പറഞ്ഞു.

ടൂറിസം വകുപ്പ് നേരത്തെ തന്നെ പുറത്തുവന്ന കണക്കുകള്‍ പറയുന്നത് വരുമാനം വര്‍ധിക്കുന്നുവെന്നും ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവ് കൂടുന്നുവെന്നുമാണ്. ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ജനങ്ങളില്‍ നിന്നും ഉയരുന്നത്. അന്നേരവും പോലിസിനെ ഉപയോഗിച്ച് മാറ്റി സ്ഥാപിക്കുമെന്ന തെറ്റായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

അഡ്വക്കേറ്റ് ജനറലിനെതിരെയും കടുത്ത വിമര്‍ശനമാണ് സുധീരന്‍ ഉന്നയിച്ചത്. ചില്ലറ വില്‍പ്പനശാലകള്‍ മാത്രമെ സുപ്രീംകോടതി വിധിയുടെ പരിധിയില്‍ വരൂവെന്ന് അഡ്വക്കേറ്റ് ജനറല്‍ നല്‍കിയ നിയമോപദേശം സാമാന്യ യുക്തിക്ക് നിരക്കാത്തതാണെന്നും സുധീരന്‍ പറഞ്ഞു.