കൊടും പട്ടിണിയും വരള്‍ച്ചയും ; സോമാലിയയില്‍ 110 മരണം
ഞെട്ടിക്കുന്നതും ദാരുണവുമായ ഒരു വാര്‍ത്തയാണ് സോമാലിയയില്‍ നിന്നും വരുന്നത്. കൊടും വരള്‍ച്ചയില്‍ ജീവിതം ദുരിതമായ സോമാലിയയില്‍ പട്ടിണിയും അതിസാരവും ബാധിച്ച് രണ്ടുദിവസത്തിനകം 110 പേര്‍ മരിച്ചു. പ്രധാനമന്ത്രി ഹസന്‍ അലി ഖൈര്‍ ആണ് ഞെട്ടിക്കുന്ന ഈ വിവരം ലോകത്തിനെ അറിയിച്ചത്. രാജ്യത്തെ തീരപ്രദേശങ്ങളില്‍ വരള്‍ച്ച രൂക്ഷമായിരിക്കയാണ്. മരിച്ചവരില്‍ കൂടുതലും കുട്ടികളും പ്രായമുള്ളവരുമാണ്. ഈ പ്രദേശത്തെ രോഗികളെ മുഴുവന്‍ ചികിത്സിക്കാന്‍ വേണ്ടത്ര സൗകര്യമില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. വരള്‍ച്ച രൂക്ഷമായതോടെയാണ് അതിസാരം, കോളറ, അഞ്ചാംപനി എന്നീ രോഗങ്ങള്‍ വ്യാപകമായത്. നിലവില്‍ 55 ലക്ഷം ആളുകള്‍ രോഗബാധിതരാണെന്നാണ് കണക്ക്. കോളറ പിടിപെട്ട് രണ്ടുദിവസത്തിനകം 69 പേരാണ് മരിച്ചത്. 70ലേറെ പേര്‍ ചികിത്സയിലാണ്. ശുദ്ധജലത്തിന്റെ ദൗര്‍ലഭ്യം മൂലമാണ് കോളറ പോലുള്ള ജലജന്യ രോഗങ്ങള്‍ പകരുന്നതെന്നും രാജ്യം കടുത്ത ക്ഷാമത്തിന്റെ പിടിയിലാണെന്നും യു.എന്‍ മുന്നറിയിപ്പുനല്‍കി. ഭക്ഷണമുള്‍പ്പെടെ അവശ്യസാധനങ്ങള്‍ തേടി തലസ്ഥാനനഗരിയായ മൊഗാദിശുവിലേക്ക് ആളുകളുടെ ഒഴുക്കാണ്. മൊഗാദിശുവില്‍ മൂന്നുലക്ഷത്തില്‍പരം കുട്ടികള്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരാണെന്നും അതില്‍ 71,000 കുട്ടികളുടെ സ്ഥിതി അതിഗുരുതരമാണെന്നും യു.എന്‍ ഏജന്‍സി ചൂണ്ടിക്കാട്ടുന്നു. 39 ലക്ഷം ആളുകള്‍ക്ക് 86 കോടിയുടെ സഹായം യു.എന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സോമാലിയയില്‍ 2011ല്‍ 2,60,000 ആളുകള്‍ കൊടുംപട്ടിണിയില്‍ മരിച്ചിരുന്നു. അതേസമയം ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ സോമാലിയന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നു പ്രധാനമന്ത്രി ഹസന്‍ അലി ഖൈര്‍ അറിയിച്ചു.