എച്ച് വണ്‍ ബി വിസ ; നിയമം കർശനമാക്കി ട്രംപ് ഭരണകൂടം

എച്ച് വണ്‍ ബി വിസ വിഷത്തില്‍ നടപടികള്‍ കടുത്തതാക്കി ട്രംപ് ഭരണകൂടം. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദ്ധാനം നടപ്പാക്കുന്നതിന്റെ ഭാഗമാണ് നടപടി. വരും ദിവസങ്ങളില്‍ ട്രംപ് ഭരണകൂടം കൂടുതല്‍ നടപടികളിലേക്ക്  കടക്കുമെന്ന് വൈറ്റ്‌ഹൌസ്‌ വൃത്തങ്ങള്‍ അറിയിച്ചു.  ഇന്ത്യൻ ഐ.ടി വിദഗ്ധരുൾപ്പെടെ ധാരാളം പേർ വിസക്ക് അപേക്ഷിക്കുന്നതിനാൽ കള്ളവിസകൾ കണ്ടെത്തുന്നതിനും തടയുന്നതിനുമാണ് നിയമം കർശനമാക്കിയതെന്ന് യു.എസ്.സി.ഐ.എസ്പറയുന്നു. ഉയര്‍ന്ന വിദ്യാഭ്യാസവും വൈദഗ്ദ്ധ്യവുമുള്ളവരെ മാത്രമെ കമ്പനികള്‍ റിക്രൂട്ട് ചെയ്യാന്‍ പാടുള്ളുവെന്ന് കര്‍ശന നിര്‍ദേശമുണ്ട്. മുന്‍പും ഇത്തരത്തില്‍  നിര്‍ദേശമുണ്ടായിരുന്നെങ്കിലും അത് കര്‍ശനമാക്കിയിരുന്നില്ല. പൊതു വിഭാഗത്തിൽ 65,000 എച്ച്1ബി വിസകളും ശാസ്ത്രം,സാേങ്കതികം, എഞ്ചിനീയറിംഗ്, ഗണിതവിഭാഗങ്ങളിൽ യു.എസ്സർവകലാശാലകളിൽ നിന്ന് ബിരുദാനന്തര ബിരുദമുള്ളവർക്ക് 20,000 വിസകളുമാണ് അമേരിക്ക പ്രതിവർഷം അനുവദിക്കാറുള്ളത്. എന്നാല്‍ എച്ച് വണ്‍ ബി വിസയെ രാജ്യത്തിനുകത്തും പുറത്തുമുള്ള സ്ഥാപനങ്ങള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന ആക്ഷേപം ശക്തമായിരുന്നു. അമേരിക്കക്കാരെ ഒഴിവാക്കി വിദേശീയര്‍ക്ക് തൊഴില്‍ നല്‍കുന്ന കമ്പനികള്‍ക്ക് കര്‍ശന താക്കീതും നല്‍കി. അമേരിക്കാര്‍ക്ക് പകരം വിദേശീയരെ ജോലിക്കെടുക്കാന്‍ തൊഴിലുടമകള്‍ എച്ച്1ബി വിസ ദുരുപയോഗം ചെയ്യുന്നത് ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് യുഎസ് നീതിന്യായ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കുറഞ്ഞ ശമ്പളത്തിന് ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള പ്രൊഫഷണലുകള്‍ ജോലിക്കായി എത്തുമ്പാള്‍ അമേരിക്കന്‍ പ്രൊഫഷനലുകള്‍ക്ക് ജോലിയില്ലാതാകുമെന്നായിരുന്നു പ്രധാന ആക്ഷേപം.