പള്‍സര്‍ ബൈക്കിനുവേണ്ടി പിടിവാശി കാണിച്ച വരനെ വേണ്ടാ എന്ന് വധു ; അവസാനം ലഭിച്ചത് തല മൊട്ടയടിച്ച് കഴുത സവാരി

വിവാഹം കഴിഞ്ഞ് വരന്റെ തനി സ്വഭാവം കണ്ടപ്പോള്‍ വധു കല്യാണത്തില്‍ നിന്നും പിന്മാറി. ജാര്‍ഖാണ്ഡിലെ റാഞ്ചി ജില്ലയിലായിലെ ചാന്‍ദേവ് ഗ്രാമത്തിലായിരുന്നു സംഭവം. പള്‍സര്‍ ബൈക്കിനെ ചൊല്ലിയുണ്ടായ പ്രശ്‌നങ്ങള്‍ ആണ് ഇത്തരത്തില്‍ അവസാനിച്ചത്. കല്യാണത്തിന് സ്ത്രീധനമായി വരന്റെ ആവശ്യപ്രകാരം വധുവിന്റെ പിതാവു ഹീറോ പാഷന്‍ പ്രോ ബൈക്ക് വരനു വാങ്ങി നല്‍കുകയായിരുന്നു.
എന്നാല്‍ വിവാഹം കഴിഞ്ഞപ്പോള്‍ തനിക്ക് ഇതു പോര ബജാജ് പള്‍സര്‍ വേണമെന്നു വരന്‍ വാശിപിടിച്ചു. ഇതിനെ തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കത്തില്‍ വരന്‍ വധുവിന്റെ പിതാവിനോടു മോശമായി പെരുമാറുകയായിരുന്നു. ബന്ധുക്കളും ഗ്രാമവാസികളും വരനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു എങ്കിലും വധുവിനെ കൂട്ടാതെ വരന്‍ വീട്ടിലേയ്ക്കു പോകാന്‍ ഒരുങ്ങി.
സംഭവം അറിഞ്ഞപ്പോള്‍ അച്ഛനെ ബഹുമാനിക്കാത്ത ഒരാളെ തനിക്ക് ആവശ്യം ഇല്ലെന്നും പണത്തോട് ഇത്ര ആര്‍ത്തി മൂത്ത ഒരാളുടെ ഒപ്പം തനിക്കു ജീവിക്കാന്‍ കളിയില്ലെന്നും വധുവും പറഞ്ഞു. തുടര്‍ന്നു പുരോഹിതരുടെ സാന്നിധ്യത്തില്‍ വിവാഹം കഴിഞ്ഞ് അരമണിക്കൂറിനു ശേഷം യുവതി തലാഖ് ചൊല്ലി ബന്ധം അവസാനിപ്പിച്ചു. എന്നാല്‍ അവിടെ കൊണ്ടും കാര്യങ്ങള്‍ തീര്‍ന്നില്ല .
ആദ്യം നല്‍കിയ സ്ത്രീധനം തിരികെ നല്‍കണം എന്നു വധുവിന്റെ കുടുംബം ആവശ്യപെട്ടു എങ്കിലും നല്‍കില്ലെന്നായിരുന്നു വരന്റെ മറുപടി. തുടര്‍ന്നു ഗ്രാമവാസികള്‍ വരന്റെയും സഹോദരന്റെയും തലമൊട്ടയടിച്ചു കഴുത്തില്‍ ചെരുപ്പുമാലയണിയിച്ച് എനിക്ക് സ്ത്രീധനത്തോട് ആര്‍ത്തിയാണ് എന്നെഴുതിയ കാര്‍ഡ് കഴുത്തില്‍ തൂക്കി. മാപ്പ് എഴുതി വാങ്ങിയ ശേഷം സ്ത്രീധനം തിരികെ നല്‍കിക്കൊള്ളമെന്ന് ഉറപ്പിന്‍ മേല്‍ ഇവരെ വിട്ടയച്ചു. പെണ്ണും പോയി ബൈക്കും പോയി തലയിലെ മുടിയും പോയി എന്ന നിലയിലാണ് വരന്‍ ഇപ്പോള്‍.