ആംഗ്യം കാണിക്കാന്‍ ഒറാങ്ങുട്ടാന്‍ ചാന്റേക്ക് ഇനിയില്ല; മറയുന്നത് ബുദ്ധിമാനായ ഒറാങ്ങുട്ടാന്‍
ആംഗ്യഭാഷയില്‍ ആശയവിനിമയം നടത്തി ലോകത്തെ വിസ്മയിപ്പിച്ച ഒറാങ്ങുട്ടാന്‍ ചാന്റേക്ക് ഇനിയില്ല. സൂ അറ്റ്‌ലാന്റയിലായിരുന്നു 39 കാരനായ ചാന്റേക്കിന്റെ അന്ത്യം.
മുറി വൃത്തിയാക്കാനും ഉപകരണങ്ങള്‍ പ്രയോഗിക്കാനും അറിയാമായിരുന്ന ചേന്റേക്കിന് അടുത്തുള്ള ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റിലേക്കുള്ള വഴിയും ഓര്‍മിച്ചുവെയ്ക്കാന്‍ സാധിച്ചിരുന്നു.
നോര്‍ത്ത് അമേരിക്കയിലെ മൃഗശാലകളിലുണ്ടായിരുന്ന ഏറ്റവും പ്രായം കൂടിയ ഒറാങ്ങുട്ടാന്‍മാരില്‍ ഒരാളായിരുന്നു ചാന്റേക്ക്. കുറച്ചു കാലമായി ഹൃദ്രോഗരത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ജോര്‍ജിയയിലെ യെര്‍ക്‌സ് നാഷണല്‍ പ്രൈമേറ്റ് റിസര്‍ച്ച് സെന്ററിലായിരുന്നു ചാന്റേക്കിന്റെ ജനനം. നരവംശശാസ്ത്രജ്ഞയായ ലിന്‍ മൈല്‍സാണ് ആംഗ്യഭാഷ പഠിപ്പിച്ചത്. ഒമ്പത് വര്‍ഷത്തോളം ലിനിന്റെ ഒപ്പമായിരുന്നു താമസം. തുടര്‍ന്ന് 1997 ല്‍ സൂ അറ്റ്‌ലാന്റയിലേക്ക് മാറ്റി.
മൃഗശാല ജീവനക്കാരുമായി ആംഗ്യഭാഷയില്‍ ചാന്റേക്ക് ആശയവിനിമയം നടത്താറുണ്ടായിരുന്നു. 2014 ല്‍ പുറത്തെത്തിയ ദ ഏപ് ഹു വെന്റ് ടു കോളേജ് എന്ന ഡോക്യുമെന്റിറി ചാന്റേക്കിനെ ആസ്പദമാക്കി പുറത്തിറങ്ങിയിരുന്നു. മുറി വൃത്തിയാക്കുന്നതുള്‍പ്പെടെയുള്ള കഴിവുകള്‍ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.