നാല് ചാക്ക് നിറയെ പണവുമായി കാറ് വാങ്ങാന്‍ വന്ന യുവതി ജീവനക്കാര്‍ക്ക് കൊടുത്തത് മുട്ടന്‍ പണി

നാല് ചാക്ക് നിറയെ പണവുമായി കാറ് വാങ്ങാന്‍ വന്ന ആള്‍ ഷോറൂമിലെ ജീവനക്കാര്‍ക്ക് കൊടുത്ത മുട്ടന്‍ പണി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണിപ്പോള്‍. അതെന്ത് പണിയാണെന്നല്ലേ…

ചൈനയിലാണ് സംഭവം. സ്വന്തമായൊരു കണ്‍സ്ട്രക്ഷന്‍ കമ്പനി നടത്തുന്ന യുവതി നാല് ചാക്ക് നിറയെ ഒരു യുവാന്‍ നോട്ടുകളുമായാണ് കാര്‍ വാങ്ങാന്‍ ഷോറൂമിലെത്തിയത്. നോട്ടുകെട്ടുകള്‍ കണ്ട് അന്തം വിട്ട ജീവനക്കാര്‍ക്ക് എന്ത് ചെയ്യണമെന്ന് ആദ്യം ഒരു ഐഡിയയും കിട്ടിയില്ല. പിന്നെ 20 ജീവനക്കാര്‍ ചേര്‍ന്ന് നോട്ടുകള്‍ എണ്ണാന്‍ തുടങ്ങി. ഇവരുടെ ഒരു മണിക്കൂര്‍ പരിശ്രമത്തിന്റെ ഫലമായി ഒടുവില്‍ നോട്ടുകള്‍ എണ്ണിത്തീര്‍ന്നു.  ഏകദേശം 130,000 യുവാന്റെ നോട്ടുകളായിരുന്നു (ഏകദേശം 13 ലക്ഷം രൂപ) ബാഗില്‍ ഉണ്ടായിരുന്നത്.

കാര്‍ വാങ്ങാന്‍ ചെറിയ നോട്ടുകള്‍ സ്വീകരിക്കുമോയെന്ന് നേരത്തെ ഷോറൂമില്‍ വിളിച്ചു തിരക്കിയപ്പോള്‍ സ്വീകരിക്കുമെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് യുവതി നാല് ചാക്ക് നിറയെ നോട്ടുമായി എത്തിയതെന്നും ഷോറൂമിലെ ജീവനക്കാരന്‍ പറയുന്നു.
രണ്ടു ലക്ഷം യുവാന്റെ കാര്‍ സ്വന്തമാക്കിയ അവര്‍ ബാക്കി പണം മൊബൈല്‍ ബാങ്കിങ്ങിലൂടെ ട്രാന്‍സ്ഫര്‍ ചെയ്‌തെന്നും ഷോറൂം മാനേജര്‍ പറയുന്നു.