ഉത്തര്‍പ്രദേശില്‍ വിഷ വാതക ചോര്‍ച്ച; 300 കുട്ടികളെ അവശ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഷാംലിയില്‍ പഞ്ചസാര മില്ലില്‍ നിന്ന് ചോര്‍ന്ന വിഷ വാതകം ശ്വസിച്ച് സമീപത്തെ സ്‌കൂളിലെ 300 കുട്ടികള്‍ അവശനിലയില്‍. സരസ്വതി ശിശു മന്ദിര്‍ പബ്ലിക് സ്‌കൂളിന് സമീപമാണ് സംഭവമുണ്ടായത്. ചില കുട്ടികള്‍ക്ക് കണ്ണില്‍ നീറ്റലും മറ്റ് ശാരീരിക അസ്വസ്തതയും അനുഭവപ്പെട്ടു. ഇവരെ ആശുപത്രികളിലേക്ക് മാറ്റി.

35 കുട്ടികളുടെ അവസ്ഥ ഗുരുതരമാണെന്നും 15 പേരെ മീററ്റിലേക്ക് മാറ്റിയതായും ജില്ലാ ഉദ്യോഗസ്ഥന്‍ സുര്‍ജിത് സിങ് പറഞ്ഞു. മറ്റു കുട്ടികളുടെ നിലയില്‍ ആശങ്കപ്പെടാനില്ലെന്നും പ്രാഥമിക ചികിത്സക്ക് ശേഷം ആശുപത്രി വിട്ടതായും അധികൃതര്‍ പറഞ്ഞു.

ഏറെക്കാലമായി അടച്ചിട്ടിരുന്ന മില്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിനു വേണ്ടി ശുചീകരണ പ്രവര്‍ത്തനത്തിലായിരുന്നു. ഇതിനിടെയായിരിക്കാം വാതകചോര്‍ച്ച ഉണ്ടായതെന്ന് കരുതുന്നു.ജില്ലാ മജിസ്‌ട്രേറ്റും എസ്പിയും അടക്കമുള്ളവര്‍ സ്‌കൂളില്‍ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

പഞ്ചസാര മില്ലിന്റെ ഉടമസ്ഥന്‍ ഒളിവിലാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.