അപകടത്തില്‍പ്പെട്ട യുവതിയില്‍ നിന്ന് 50000 രൂപ മോഷ്ടിക്കാന്‍ ശ്രമിച്ച വനിത പോലീസ് അറസ്റ്റില്‍

പൂനെ: മുംബൈ ഹൈവേയില്‍ ബൈക്ക് അപകടത്തിപ്പെട്ട യുവതിയുടെ കൈയ്യില്‍ നിന്നും പണം തട്ടിയെടുക്കാന്‍ ശ്രമിച്ച വനിത പോലീസ് അറസ്റ്റില്‍.കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം.യുവതി യാത്രചെയ്തിരുന്ന വാഹനം മുംബൈ ഹൈവേയില്‍ അപകടത്തില്‍പ്പെടുകയായിരുന്നു. ഇവരെ രക്ഷിക്കാനെത്തിയ വനിത പോലീസ് യുവതിയുടെ കൈയ്യിലുണ്ടായിരുന്ന അമ്പതിനായിരം രൂപ തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. അച്ഛനൊപ്പം പണമടയ്ക്കാന്‍ ബാങ്കില്‍ പോകുന്നതിനിടെ എതിരെ വന്ന മോട്ടോര്‍ സൈക്കിളുമായി കൂട്ടിയിടിച്ചാണ് യുവതി അപകടപ്പെട്ടത്.

മുംബൈയിലെ തലെഗോവന്‍ പൊലീസ് സ്റ്റേഷനു സമീപത്തുവെച്ചായിരുന്നു അപകടം സംഭവിച്ചത്. അപ്പോള്‍ പൊലീസ് സ്റ്റേഷനിലുണ്ടായിരുന്ന വനിത പൊലീസ് സ്വാതി ജാദവാണ് ഇവര്‍ക്ക് വേണ്ട സുരക്ഷ നടപടികള്‍ സ്വീകരിച്ചത്. പരുക്കേറ്റ ഇവരെ ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ വനിത പോലീസ് യുവതിയുടെ ബാഗ് സൂക്ഷിക്കാമെന്ന് പറഞ്ഞ് സ്റ്റേഷനില്‍ വാങ്ങിവെക്കുകയായിരുന്നു.ആശുപത്രിയില്‍ നിന്ന് തിരികെ സ്റ്റേഷനിലെത്തി ബാഗ് വാങ്ങാനെത്തിയപ്പോള്‍ ബാഗ് കാണാനില്ലെന്ന മറുപടിയായിരുന്നു ഇവര്‍ നല്‍കിയത്.

തുടര്‍ന്ന്, പൊലീസ് അധികൃതര്‍ തിരച്ചില്‍ നടത്തിയെങ്കിലും ബാഗ് ലഭിച്ചിരുന്നില്ല.

ഒടുവില്‍ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് ബാഗ് വനിത പൊലീസ് മാറ്റിവെച്ചതായി കണ്ടെത്തിയത്. സംഭവത്തില്‍ റൂറല്‍ പൊലീസ് സ്വാതി ജാദവിനെ അറസ്റ്റ് ചെയ്തു.