ടീമിനെ പറ്റിച്ച് മറുകണ്ടം ചാടിയ സിഫ്നിയോസിന് മുട്ടന്‍ പണി നല്‍കി കേരള ബ്ലാസ്റ്റേഴ്സ്; നില്‍ക്കക്കള്ളിയില്ലാത്ത സിഫ്നിയോസ് ഇന്ത്യ വിട്ടു

മികച്ച പ്രകടനം നടത്താനാകാതെ സീസണിലെ മുന്നോട്ടുള്ള പോക്ക് അനിശ്ചിതത്തിലായപ്പോഴാണ് ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ താരം മാര്‍ക്ക് സിഫ്നിയോസ് ബ്ലാസ്റ്റേഴ്സ് വിട്ട് ഗോവയിലേക്ക് മാറിയത്. തിരിച്ചടികളില്‍ ഉഴറിയ ബ്ലാസ്റ്റേഴ്സിന് ഇത് വളരെ പ്രതിസന്ധിയിലാക്കി.

ഇപ്പോള്‍ തുടര്‍ച്ചയായി രണ്ട് മത്സരങ്ങള്‍ ജയിച്ച് നില്‍ക്കുന്ന ബ്ലസ്റ്റേഴ്‌സിന്റെ സെമി സാധ്യതകള്‍ക്ക് വീണ്ടും ജീവന്‍ വച്ചിരിക്കുകയാണ്.ഇതിനിടെ പ്രതിസന്ധി ഘട്ടത്തില്‍ ടീം വിട്ട മുന്‍ താരം സിഫ്നിയോസിനു ബ്ലാസ്റ്റേഴ്സ് ഒരു മുട്ടന്‍ പണികൊടുത്തു.

കേരള ബ്ലാസ്റ്റേഴ്സില്‍ നിന്നും എഫ്സി ഗോവയിലേക്ക് കൂടുമാറിയ മാര്‍ക്ക് സിഫ്നിയോസ് അനധികൃതമായാണ് ഇന്ത്യയില്‍ തുടരുന്നതെന്ന് കാണിച്ച ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് വിദേശ താരങ്ങളെ രജിസ്റ്റര്‍ ചെയ്യുന്ന ഫോറിന്‍ റീജ്യണല്‍ രജിസ്ട്രേഷന്‍ ഓഫീസില്‍ പരാതി നല്‍കി.ഇതോടെ ഇന്ത്യയില്‍ തുടരാന്‍ കഴിയില്ലെന്ന് ഫോറിന്‍ റീജ്യണല്‍ രജിസ്ട്രേഷന്‍ ഓഫീസ് സിഫ്നിയോസിനെ അറിയിച്ചു.പ്രശ്‌നം വഷളായതോടെ സിഫ്നിയോസ് ഇന്ത്യ വിട്ടു എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത.

കഴിഞ്ഞ ദിവസം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിട്ട എഫ്സി ഗോവ നിരയില്‍ താരത്തിന് ഇടം ലഭിച്ചിരുന്നില്ല. ഈ മത്സരത്തിന് മത്സരത്തിനു മുന്‍പ് തന്നെ താരം ഇന്ത്യ വിട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരള ബ്ലാസ്റ്റേഴ്സില്‍ കളിക്കാനുള്ള എംപ്ലോയ്മെന്റ് വിസയിലെത്തിയ താരം ഗോവക്കു വേണ്ടി കളിക്കുന്നത് നിയമ വിരുദ്ധമാണെന്നു കാട്ടിയായിരുന്നു ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് പരാതി നല്‍കിയത്.

കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി ഈ സീസണില്‍ നാലു ഗോളുകള്‍ നേടിയ താരം ജനുവരി ട്രാന്‍സ്ഫര്‍ ജാലകത്തിലാണ് ഗോവയിലേക്ക് കൂടു മാറിയത്. ആരാധകര്‍ക്കിടയില്‍ ഏറെ പ്രതിഷേധമുയര്‍ത്തിയ ട്രാന്‍സ്ഫറായിരുന്നു അത്. സിഫ്നിയോസിനു പകരം ഐസ്ലാന്‍ഡ് താരം ഗുഡ്യോണ്‍ ബാള്‍ഡ്വിന്‍സണെ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചിരുന്നു.

ഫോറിന്‍ റീജ്യണല്‍ രജിസ്ട്രേഷന്‍ ഓഫീസിന്റെ കൊച്ചി ഓഫീസിലാണ് ബ്ലാസ്റ്റേഴ്സ് പരാതി നല്‍കിയത്. താരത്തിന്റെ വിസ ശരിയാക്കുന്നതിനായി സമയം ചോദിച്ചെങ്കിലും താരത്തിനോട് ഉടന്‍ ഇന്ത്യ വിടാന്‍ ആവശ്യപ്പെടുകയായിരുന്നു.