ഷുഹൈബ് കൊലക്കേസ്: പ്രതികളെ കണ്ടെത്താന്‍ സിപിഎമ്മിന്റെ പാര്‍ട്ടി ഗ്രാമങ്ങള്‍ അരിച്ചു പെറുക്കി പോലീസ്; തിരച്ചില്‍ ഊര്‍ജിതം

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കു വേണ്ടി സിപിഎം പാര്‍ട്ടി ഗ്രാമങ്ങളില്‍ പൊലീസ് റെയ്ഡ്. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പാര്‍ട്ടി ഗ്രാമങ്ങളിലാണു പരിശോധന നടത്തുന്നത്. പേരാവൂര്‍, ഇരിട്ടി മേഖലകളിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ എസ്പി ജി.ശിവവിക്രമിന്റെ നേതൃത്വത്തില്‍ നാലു സിഐമാരും 30 എസ്‌ഐമാരുമടക്കം ഇരുന്നൂറോളം പൊലീസുകാരാണ് തിരച്ചില്‍ നടത്തുന്നത്. കഴിഞ്ഞദിവസം നടത്തിയ തിരച്ചിലില്‍ ഇരിട്ടി തില്ലങ്കേരി മാമ്പറത്ത് നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തതിന് പിന്നാലെ പോലീസ് തിരച്ചിൽ ഊര്‍ജിതമാക്കിയിട്ടുണ്ട്.

ശുഹൈബിന്റെ കൊലയാളികളെ കണ്ടെത്താത്തതിനെതിരെ പൊലീസിന് നേര്‍ക്ക് വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. പ്രതികളെ ഉടന്‍ തന്നെ പിടികൂടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ തിങ്കളാഴ്ച മുതല്‍ നിരാഹാരം സമരം തുടങ്ങാനിരിക്കുകയാണ്.

യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി എടയന്നൂര്‍ സ്‌കൂള്‍പറമ്പത്ത് ഹൗസില്‍ ഷുഹൈബ് (30) തിങ്കളാഴ്ച രാത്രിയാണു കൊല്ലപ്പെട്ടത്. പതിനൊന്നരയോടെ സുഹൃത്തിന്റെ തട്ടുകടയില്‍ ചായകുടിച്ചിരിക്കെ, കാറിലെത്തിയ നാലംഗ സംഘം ബോംബെറിഞ്ഞു ഭീതി പരത്തിയശേഷം വെട്ടുകയായിരുന്നു. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.