സിനിമകളില്‍ സൈനികരെ ചിത്രീകരിക്കാന്‍ ഇനിമുതല്‍ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് പ്രതിരോധ മന്ത്രാലയം

കലാപരമായ സൃഷ്ട്ടികള്‍ക്ക് തടസങ്ങള്‍ ഉണ്ടാക്കുക എന്നത് അടുത്ത കാലത്തായി ഇന്ത്യയില്‍ സ്ഥിരമായി കണ്ടുവരുന്ന ഒന്നാണ്. ജാതിമത വര്‍ഗീയ എതിര്‍പ്പുകള്‍ മറികടന്നു സെന്‍സര്‍ ബോര്‍ഡ് എന്ന വന്‍മതിലും ചാടി കടന്നു മാത്രമേ ഇപ്പോള്‍ ഒരാള്‍ക്ക് തന്റെ കലാസൃഷ്ട്ടി ലോകത്തിനു മുന്‍പില്‍ എത്തിക്കുവാന്‍ കഴിയുന്നുള്ളു.
പുറത്തു നിന്നുള്ള ഇടപെടല്‍ മൂലം പലപ്പോഴും കഥയില്‍ മാറ്റം വരുത്താനും അല്ലെങ്കില്‍ ചിത്രീകരിച്ച രംഗങ്ങള്‍ക്ക് കത്രിക വെക്കാനും നിര്‍ബധിതര്‍ ആവുകയാണ് ഇപ്പോള്‍ രാജ്യത്തെ കലാകാരന്മാര്‍. അതിനെല്ലാം മുകളില്‍ ഒരു നിയമമാണ് ഇപ്പോള്‍ രാജ്യത്ത് നടപ്പിലായിരിക്കുന്നത്. ഇനിമുതല്‍ സിനിമ , സിരീസ് എന്നിവയില്‍ സൈനികരെ ചിത്രീകരിക്കാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നാണ് പുതിയ നിയമം. അതായത് അവരുടെ അനുമതി ലഭിച്ചാല്‍ മാത്രമേ ഇനിമുതല്‍ സൈനിക രംഗങ്ങള്‍ ചിത്രീകരിക്കാന്‍ കഴിയു എന്ന് സാരം.

സിനിമകളിലോ വെബ് സീരീസുകളിലോ ഇന്ത്യന്‍ സൈന്യത്തെ ചിത്രീകരിക്കുന്നതിനു മുന്‍പ് പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് പ്രൊഡക്ഷന്‍ ഹൗസുകള്‍ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എതിര്‍പ്പില്ലെന്നറിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്) വാങ്ങണമെന്നാണ് നിര്‍ദ്ദേശം. കേന്ദ്ര ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡിന് അയച്ച കത്തിലാണ് പ്രതിരോധ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. സൈന്യത്തെ അവഹേളിക്കുന്നതോ സൈനിക വികാരം വ്രണപ്പെടുത്തുന്നതോ ആയ സീനുകള്‍ ചലച്ചിത്രങ്ങളില്‍ ഉള്‍ക്കൊള്ളിക്കാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്.

ഓഗസ്റ്റ് ഒന്നു മുതലാണ് ഈ നിയന്ത്രണങ്ങള്‍ ബാധകമാവുക. ഇലക്ട്രോണിക് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിനും വിവര പ്രക്ഷേപണ മന്ത്രാലയത്തിനും പുതിയ നിബന്ധന സംബന്ധിച്ച കത്ത് അയച്ചിട്ടുണ്ട്. ചില വെബ് സീരീസുകളിലും സിനിമകളിലും സൈന്യത്തെ അവഹേളിക്കുന്നതായി തങ്ങള്‍ക്ക് കത്ത് ലഭിച്ചു എന്ന് പ്രതിരോധ മന്ത്രാലയം കത്തില്‍ സൂചിപ്പിക്കുന്നു. സായുധ സേനാംഗങ്ങളെ മോശമായി ചിത്രീകരിക്കുന്നതില്‍ തങ്ങള്‍ക്ക് കടുത്ത എതിര്‍പ്പുണ്ടെന്നും മന്ത്രാലയം പറയുന്നു. സീ 5ലെ ‘കോഡ് എം’, എഎല്‍ടി ബാലാജിയിലെ ‘എക്‌സ്എക്‌സ്എക്‌സ്- സീസണ്‍ 2’ എന്നീ വെബ് സീരീസുകളില്‍ സൈന്യത്തെ വളരെ മോശമായി ചിത്രീകരിക്കുന്നതായി നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. വിഷയത്തില്‍ എഎല്‍ടി ബാലാജിക്കെതിരെ ചിലര്‍ നിയമനടപടിക്ക് ഒരുങ്ങുന്നുണ്ട്. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് പുതിയ നിര്‍ദ്ദേശം.